
കള്ളക്കുറിച്ചി മദ്യദുരന്തം; മരിച്ചവരുടെ എണ്ണം 50 ആയി
തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. വ്യാജ മദ്യവില്‍പ്പന നടത്തിയതിലെ പ്രതി ചിന്നദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു. തൊണ്ണൂറിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. മെഥനോള്‍ കലര്‍ത്തിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും റിട്ടയേര്‍ഡ് ജഡ്ജിയെ ഏകാംഗ കമ്മീഷനായി തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചു.
കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ഈ മാസം 18 ന് രാത്രിയാണ് വ്യാജമദ്യ വില്‍പ്പനക്കാരില്‍ നിന്ന് പാക്കറ്റ് മദ്യം വാങ്ങിക്കഴിച്ച ആളുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തലവേദന, ഛര്‍ദ്ദി, തലകറക്കം, കാഴ്ച തടസം എന്നിവ അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു.
മെഥനോള്‍ ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദഹനപ്രക്രിയയെ ബാധിക്കുകയാണ് ആദ്യം സംഭവിക്കുക എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാഡീപ്രവര്‍ത്തനങ്ങളെയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കാഴ്ച മങ്ങല്‍, ബോധക്ഷയം എന്നിവ സംഭവിക്കും. കള്ളക്കുറിച്ചിയില്‍ മരിച്ചവരിലെല്ലാം സമാനരോഗലക്ഷണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്.