TMJ
searchnav-menu
post-thumbnail

അരവിന്ദ് കെജ്രിവാള്‍ | PHOTO: WIKI COMMONS

TMJ Daily

മദ്യനയ കേസ്: കെജ്രിവാള്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാവില്ല

02 Nov 2023   |   1 min Read
TMJ News Desk

ദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഇ.ഡിക്കു മുന്നില്‍ ഹാജരാവില്ല. ഇ.ഡി അയച്ച നോട്ടീസ് നിയമവിരുദ്ധമാണെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. നോട്ടീസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഇ.ഡിക്ക് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നത് തടയാനാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചിരിക്കുന്നത്, ഇത് ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാള്‍ ഹാജരാവാത്ത സാഹചര്യത്തില്‍ ഇ.ഡി പുതിയ സമന്‍സ് അയച്ചേക്കും. നിലവില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കെജ്രിവാള്‍ മധ്യപ്രദേശിലേക്ക് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവര്‍ത്തകര്‍ ആശങ്കയില്‍

ഇഡിക്കുമുന്നില്‍ ഹാജരാവുകയാണെങ്കില്‍ കെജ്രിവാള്‍ അറസ്റ്റു ചെയ്യപ്പെടുമെന്ന ആശങ്കയിലായിരുന്നു ആം ആദ്മി പ്രവര്‍ത്തകര്‍. മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കെജ്രിവാളിനും ഇ.ഡി നോട്ടീസ് നല്‍കിയത്. സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക സ്ഥിരീകരണം ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത്. 2022 ജൂലൈയിലാണ് മദ്യനയത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലെഫ്റ്റനന്റ്് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ അല്ലാത്ത എല്ലാ മദ്യ ഷോപ്പുകളും അടച്ചു പൂട്ടാന്‍ ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയ ഉത്തരവിട്ടു. പിന്നീട് 2022 ഓഗസ്റ്റ് 17 ന് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. 2023 ഫെബ്രുവരി 26 ന് സിസോദിയയെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 4 ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിങും അറസ്റ്റ് ചെയ്യപ്പെട്ടു. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിനെയും അറസ്റ്റ് ചെയ്തിരുന്നു. 

പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണ് കേസെന്നാണ് ഉയരുന്ന ആരോപണം. '2014 മുതല്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് കൊണ്ടാണ് കെജ്രിവാളിനെ ലക്ഷ്യം വെക്കുന്നത്. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാനും പാര്‍ട്ടിയെ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. കെജ്രിവാളിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു രീതി ബിജെപി സ്വീകരിക്കുന്നത്' എന്ന് കെജ്രിവാള്‍ മന്ത്രിസഭയിലെ അംഗമായ അതിഷി പ്രതികരിച്ചു.

#Daily
Leave a comment