TMJ
searchnav-menu
post-thumbnail

അരവിന്ദ് കെജ്‌രിവാൾ | Photo: PTI

TMJ Daily

മദ്യനയ അഴിമതിക്കേസ്; അന്വേഷണസംഘത്തിന്റെ പക്കൽ തെളിവുകളില്ലെന്ന് കെജ്‌രിവാൾ

17 Apr 2023   |   2 min Read
TMJ News Desk

ദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ 9 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ സിബിഐ ആസ്ഥാനത്ത് എത്തിയ കെജ്‌രിവാൾ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയത്. 56 ചോദ്യങ്ങളാണ് സിബിഐ അരവിന്ദ് കെജ്‌രിവാളിനോട് ചോദിച്ചത്. കേസ് വ്യാജമാണ്. താൻ അഴിമതിക്കാരനെങ്കിൽ ലോകത്തുള്ള എല്ലാ നേതാക്കളും അഴിമതിക്കാരായിരിക്കും. കോടികൾ സമ്പാദിക്കാനെങ്കിൽ താൻ ഇൻകം ടാക്‌സ് ഓഫിസർ ആയിരുന്നപ്പോൾ സമ്പാദിക്കാമായിരുന്നുവെന്നും അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. കേസ് രാഷ്ട്രീയ വേട്ടയാടൽ മാത്രമാണെന്നും തനിക്കെതിരെ ഒരു തെളിവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനയക്കേസിലെ സാക്ഷിയായാണ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐക്ക് മുമ്പാകെ ഹാജരായത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച ഏകദിന നിയമസഭാ സമ്മേളനം നടത്താൻ സർക്കാർ ശ്രമിച്ചെങ്കിലും ലഫ്. ഗവർണർ അനുമതി നല്കിയില്ല. ചോദ്യം ചെയ്യലിന്റെ ഭാഗമായി നഗരത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേസിന്റെ ആദ്യഘട്ടമെന്നോണം, ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയെ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി സ്വകാര്യവ്യക്തികളുടെ മദ്യശാലകൾക്ക് ലൈസൻസ് നല്കാൻ കൈക്കൂലി വാങ്ങിയെന്നാണ് സിസോദിയയ്‌ക്കെതിരെയുള്ള ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ഡൽഹിയിലെ തീഹാർ ജയിലിലാണ് മനീഷ് സിസോദിയ.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബി ആർ എസ് നേതാവുമായ കെ കവിതയെയും കേസിന്റെ ഭാഗമായി സിബിഐ ചോദ്യം ചെയ്തിരുന്നു. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്രപിള്ളയെ നേരത്തെ ഇഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് കേസന്വേഷണം കവിതയിലേയ്ക്കും എത്തിയത്. സ്വകാര്യ കമ്പനികൾക്ക് വൻതോതിൽ ലാഭമുണ്ടാക്കാൻ അവസരം നൽകുന്ന രീതിയിൽ മദ്യനയം രൂപീകരിക്കാൻ കെ കവിതയുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ നല്കിയെന്നാണ് ഇഡി ആരോപണം. കവിതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്തിയത് അരുൺ രാമചന്ദ്രപിള്ളയാണെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. 2022 ഡിംസബറിൽ ഇതേ കേസിൽ സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു.

എന്താണ് ഡൽഹി മദ്യനയക്കേസ്?

മദ്യവിൽപ്പന പൂർണമായി സ്വകാര്യവൽക്കരിക്കുന്ന ഡൽഹി എക്സൈസ് നയമാണ് വിവാദത്തിനാധാരം. ഡൽഹിയിലെ ചില്ലറ മദ്യവിൽപ്പന മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാൻ വഴിയൊരുക്കിയതായിരുന്നു ദില്ലി എക്സൈസ് നയം 2021-22. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് റീട്ടെയിൽ മദ്യമേഖലയിലെ പുതിയ പരിഷ്‌കാരമെന്നാണ് ആംആദ്മി സർക്കാർ ഈ നയത്തെ വിശേഷിപ്പിച്ചത്. ചില്ലറ മദ്യവിൽപ്പന മേഖലയിൽ നിന്ന് ദില്ലി സർക്കാർ പിൻമാറുകയും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്യുക എന്നതായിരുന്നു നയത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിൻപ്രകാരം, 2021 മാർച്ച് 22ന് ഡൽഹി മന്ത്രിസഭ മദ്യനയം അംഗീകരിക്കുകയും ഈ നയത്തിന്റെ അന്തിമ കരട് 2021 മെയ് 24ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ അംഗീകാരത്തിനായും സമർപ്പിച്ചു. ഇതിലൂടെ ഡൽഹിയിലുടനീളം 849 കടകൾ തുറക്കേണ്ടതായിരുന്നു. ഡൽഹിയെ 32 സോണുകളായി വിഭജിച്ച് ഓരോ സോണിലും പരമാവധി 27 മദ്യശാലകൾ അനുവദിക്കപ്പെട്ടു.

ലഫ്. ഗവർണർ ആദ്യം ഈ നയം അംഗീകരിച്ചെങ്കിലും പിന്നീട് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും മുനിസിപ്പൽ കോർപ്പറേഷന്റെയും അനുമതിക്ക് ശേഷം മാത്രമേ അനധികൃത പ്രദേശങ്ങളിലെ മദ്യശാലകൾ തുറക്കാൻ കഴിയൂ എന്ന വ്യവസ്ഥയോടെ 2021 നവംബർ 15ന് നയം അംഗീകരിച്ചു. തുടർന്ന് നവംബർ 17ന് മദ്യനയം പ്രാബല്യത്തിൽ വന്നെങ്കിലും 2022 ജൂൺ മാസത്തോടെ പുതിയ മദ്യനയം ലൈസൻസികൾക്ക് വൻ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവെച്ചുവെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നു. പിന്നാലെ, നയം രൂപീകരിച്ചതിലും നടപ്പിലാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന റിപ്പോർട്ടിൻമേൽ അന്നത്തെ ഡൽഹി ലെഫ്.ഗവർണർ വി കെ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരെയാണ് എഫ്ഐആർ തയാറാക്കിയത്. സിസോദിയയുമായി പരിചയമുള്ളവർ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് മദ്യവ്യാപാരി ഒരു കോടി നല്കിയെന്നും എഫ്ഐആർ പറയുന്നു. സിസോദിയയും ആരോപണ വിധേയരായവരും എക്സൈസ് നയങ്ങളുമായി ബന്ധപ്പെട്ട് ശുപാർശകൾ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തുവെന്നാണ് പ്രധാന കുറ്റാരോപണം.  പണമിടപാടിൽ പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം ഡൽഹി സർക്കാർ 2022 ജൂലൈയിൽ പിൻവലിക്കുകയും ചെയ്തു. എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയയും അരവിന്ദ് കെജ്‌രിവാളും ആവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികളും ഗവർണറുമായി ചേർന്നുള്ള ഗൂഡാലോചനയുടെ ഭാഗമായുള്ള നാടകം മാത്രമാണിതെന്നും ആംആദ്മി പാർട്ടി ആരോപിക്കുന്നു.


#Daily
Leave a comment