TMJ
searchnav-menu
post-thumbnail

സാഓ ഇചികാവ | PHOTO: WIKI COMMONS

TMJ Daily

ജപ്പാനിലെ ഉന്നത സാഹിത്യപുരസ്‌കാരം ഭിന്നശേഷി എഴുത്തുകാരിക്ക്, അകുതഗാവ പ്രൈസ് തിളക്കത്തില്‍ സാഓ ഇചികാവ

26 Jul 2023   |   2 min Read
TMJ News Desk

പ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യപുരസ്‌കാരമായ അകുതഗാവ പ്രൈസ് ഭിന്നശേഷി എഴുത്തുകാരിയ്ക്ക്. ഇത്തവണത്തെ പുരസ്‌കാരം സാഓ ഇചികാവയുടെ (Sao Ichikawa) ഹഞ്ച്ബാക്ക് എന്ന നോവലിനാണ്. യുവ എഴുത്തുകാരുടെ നോവലുകള്‍ക്ക് നല്‍കി വരുന്ന അകുതഗാവ പ്രൈസ് ജപ്പാനില്‍ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യപുരസ്‌കാരമായാണ് പരിഗണിക്കപ്പെടുന്നത്. ഈ പുരസ്‌കാരം നേടുന്ന നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും അത് വഴി വ്യാപക ലോകശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ജൂലൈ 19 നായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

നാല്‍പ്പത്തിമൂന്നുകാരിയായ സാഓ ഇചികാവയ്ക്ക് വളരെ ചെറുപ്പത്തിലെ ബാധിച്ച കണ്‍ജീനിയല്‍ മയോപ്പതി എന്ന അസുഖം കാരണമാണ് അംഗവൈകല്യമുണ്ടായത്. ശരീരത്തിന്റെ ശക്തി ഇല്ലാതാകുന്ന വിധം മസില്‍ക്ഷയം വ്യാപിച്ചതിനാല്‍ ചെറുപ്പകാലം തൊട്ട് ചക്രക്കസേരയിലാണ് ഇചികാവയുടെ ജീവിതം. ഹഞ്ച്ബാക്ക് എന്ന ഇചികാവയുടെ പുരസ്‌കൃത നോവലിലെ കേന്ദ്രകഥാപാത്രവും എഴുത്തുകാരിയെപ്പോലെ ഭിന്നശേഷിയുള്ള യുവതിയാണ്. അടച്ചിട്ട മുറികള്‍ക്കകത്ത് ജീവിക്കേണ്ടി വരുന്ന ഈ നായികാകഥാപാത്രത്തിന് പുറം ലോകത്തോടുള്ള ബന്ധത്തെയും  സാധാരണശാരീരിക അവസ്ഥകളുള്ള മറ്റ് മനുഷ്യരെക്കുറിച്ചുള്ള ആലോചനകളെയും  പറ്റിയാണ് നോവല്‍. സാധാരണ ശാരീരിക ശേഷിയുള്ള മനുഷ്യരെ കേന്ദ്രമാക്കിയുള്ള ലോകത്തിന്റെ പൊതുജീവിതത്തെ മറ്റൊരു കോണിലൂടെ കാണാന്‍ പ്രേരിപ്പിക്കുന്ന, അസാധാരണമായ നോവലാണ് ഇചികാവയുടേത് എന്ന് ജൂറി വിലയിരുത്തി. 

ചെറുപ്പം മുതലുള്ള നിരന്തരമായ വായനയാണ് തന്നെ സാഹിത്യത്തിലെത്തിച്ചതെന്ന് ഇചികാവ പറയുന്നു. കുട്ടിക്കാലം തൊട്ട് എനിക്ക്  വായിക്കാനല്ലാതെ മറ്റൊന്നും സാധിക്കില്ലായിരുന്നു. അത് കൊണ്ട് ഞാന്‍ എല്ലാം എല്ലായിടത്ത് നിന്നും വായിച്ച് കൊണ്ടേയിരുന്നു. തുടക്കം യംഗ് അഡള്‍ട്ട് സാഹിത്യമെഴുതി കൊണ്ടായിരുന്നു. ജപ്പാനില്‍ വലിയ കൂട്ടം വായനക്കാരുള്ള ആ ശ്രേണിയില്‍ ഒന്നിലേറെ പുസ്തകങ്ങളെഴുതിയ ശേഷമാണ് ഇചികാവ ഹഞ്ച്ബാക്കിന്റെ രചനയിലേക്ക് തിരിഞ്ഞത്. സ്വര്‍ഗത്തിലെത്തിയതിന് സമാനമായ സന്തോഷമാണ് പുരസ്‌കാര നേട്ടത്തിലെന്ന് ഇചികാവ മാധ്യമങ്ങളോട് പറഞ്ഞു. തൊണ്ണൂറ് വര്‍ഷത്തോളം  പഴക്കമുള്ള അകുതഗാവ പ്രൈസിന്റെ ചരിത്രത്തില്‍ ഇത് വരെ മറ്റൊരു ഭിന്നശേഷി എഴുത്തുകാര്‍ക്കും സമ്മാനം കിട്ടാതിരുന്നതിന് കാരണമെന്ത് എന്ന് കൂടെ എല്ലാവരും ആലോചിക്കണമെന്നും ഇചികാവ പ്രതികരിച്ചു. 

ജപ്പാനില്‍ ചെറുകഥയുടെ പിതാവ് എന്നറിയപ്പെടുന്ന റ്യുനോസുകെ അകുതഗാവയുടെ (Rynosuke Akutagawa) പേരില്‍ 1935 മുതലാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ജപ്പാനില്‍ നിന്ന് പുറം ലോകം അറിയുന്ന പ്രധാനപ്പെട്ട നോവലിസ്റ്റുകളില്‍ പലരും അകുതഗാവ പുരസ്‌കാരം നേടിയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. ജപ്പാനിലെ നോവല്‍ സാഹിത്യത്തില്‍ പ്രമുഖരായ കോബോ ആബേ, കെന്‍സാബുറോ ഓയെ (1958 ) , റ്യു മുറാകാമി (1976), യോക്കോ ഒഗാവ (1990), ഹിരോമി കവാകാമി (1996) , ഹിതോമി കനഹാര (2003), മീകോ കവാകാമി (2007), സയാക മുറാത (2016) എന്നിവരെല്ലാം അകുതഗാവ പ്രൈസ് നേടിയാണ് അവരുടെ സാഹിത്യജീവിതത്തിലേക്ക് കടന്നത്. ഈ ലിസ്റ്റിലേക്കുള്ള സാഓ ഇചികാവയുടെ വരവ് ഭിന്നശേഷി മനുഷ്യരുടെ പ്രശ്നങ്ങളിലേക്കും ജീവിതത്തിലേക്കും ലോകത്തിന്റെ ശ്രദ്ധ കൂടുതലായെത്താനും കാരണമാകുമെന്നാണ് പ്രതീക്ഷ.


#Daily
Leave a comment