
കേരളത്തിലെ വായ്പാ ആപ്പ് തട്ടിപ്പ്: നാല് തമിഴ്‌നാട്ടുകാര്‍ അറസ്റ്റില്‍
കേരളത്തില്‍ വായ്പാ ആപ്പ് തട്ടിപ്പ് നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന് സാമുവേല്‍ എന്നിവരെയാണ് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ ആദ്യമായിട്ടാണ് വായ്പാ ആപ്പ് തട്ടിപ്പ് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 10 കേസുകളിലാണ് അറസ്റ്റ് നടന്നത്. 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്.
കതിരവന്‍ രവിയുടെ അക്കൗണ്ടില്‍ നിന്നും 110 കോടി രൂപ കണ്ടെത്തി. 105 കോടി രൂപ കമ്പനിയുടെ മുംബൈ ആസ്ഥാനത്തെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്.
വായ്പ ആപ്പുകള്‍ വായ്പ നല്‍കിയശേഷം മൊബൈലിലെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ കൈകലാക്കി ബ്ലാക്ക് മെയില്‍ ചെയ്താണ് പണം തട്ടുന്നത്. തുടക്കത്തില്‍ ചെറിയ തുകകള്‍ വായ്പയായി നല്‍കി വിശ്വാസം പിടിച്ചു പറ്റിയശേഷം കൂടുതല്‍ തുക വായ്പയായി നല്‍കും. ഈ തുക തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഫോണില്‍ നിന്നും കൈക്കലാക്കിയ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി.