ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തില്‍
വിവിധ തൊഴില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തില്‍. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിക്കൊണ്ടുള്ള സമരമല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ലോക്കോ പൈലറ്റുമാരാണ് സമരം ചെയ്യുന്നത്. ആറ് ഡിവിഷനുകളിലുമായി നാലായിരത്തോളം ലോക്കോ പൈലറ്റുമാരുള്ളതില്‍ രണ്ടായിരത്തോളം പേരാണ് സമരം ചെയ്യുന്നത്.
ജോലി സമയവുമായി ബന്ധപ്പെട്ട ഒന്നിലേറെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ലോക്കോ പൈലറ്റുമാരുടെ സമരം. 10 മണിക്കൂറില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സാധിക്കില്ല, തുടര്‍ച്ചയായി രണ്ട് രാത്രികളില്‍ കൂടുതല്‍ ട്രെയിന്‍ ഓടിക്കില്ല, 48 മണിക്കൂറിനുള്ളില്‍ ആസ്ഥാനത്തേക്ക് മടങ്ങിയെത്തണം, ആഴ്ചയില്‍ 30 മണിക്കൂര്‍ വിശ്രമം തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ മുന്നോട്ടുവച്ചു.
വ്യവസ്ഥകള്‍ പാലിക്കാതെ തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നതിനൊപ്പം തന്നെ 2016 ലെ അംഗീകൃത ചട്ടങ്ങള്‍ നടപ്പിലാക്കണമെന്നതും സമരക്കാരുടെ ആവശ്യമാണ്. ട്രെയിന്‍ യാത്രയുടെ സുരക്ഷ ഉറപ്പാക്കാന്‍ 2016 ല്‍ അംഗീകരിച്ച് 2020 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ച വ്യവസ്ഥകള്‍ തന്നെയാണ് തങ്ങളുടെ ആവശ്യമായി മുന്നോട്ടുവയ്ക്കുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വൈകുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും അസോസിയേഷന്‍ പ്രതികരിച്ചു.