
ലോകസഭ മണ്ഡല പുനര്‍നിര്‍ണയം; സ്റ്റാലിന്‍ ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു
ലോകസഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഫെഡറലിസത്തിനുമേലുള്ള കനത്ത ആക്രമണമാണ് മണ്ഡല പുനര്‍നിര്‍ണയമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പാര്‍ലമെന്റിലെ നമ്മുടെ ശബ്ദം ഇല്ലാതാക്കി ജനസംഖ്യാ നിയന്ത്രണവും മികച്ച ഭരണവും ഉറപ്പാക്കുന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ ഈ ജനാധിപത്യ അനീതി അനുവദിക്കുകയില്ലെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയ കാര്യം അദ്ദേഹം എക്‌സില്‍ വെളിപ്പെടുത്തി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ മാഞ്ചി എന്നിവര്‍ക്കാണ് സ്റ്റാലിന്‍ കത്തയച്ചത്.
കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പശ്ചിമബംഗാള്‍, ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി തലവന്‍മാര്‍ക്കും കത്തയച്ചു. അന്യായമായ നടപടിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടാന്‍ ഈ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
2026ല്‍ നടക്കാന്‍ പോകുന്ന മണ്ഡല പുനര്‍നിര്‍ണയം ഒരു സംസ്ഥാനത്തില്‍ നിന്നും ജനസംഖ്യാടിസ്ഥാനത്തില്‍ ലോകസഭയിലേക്ക് അയക്കാവുന്ന പ്രതിനിധികളുടെ എണ്ണം പുനര്‍നിര്‍ണയിക്കും.