ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
പത്തനംതിട്ടയില്‍ നടക്കുന്ന ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കന്യാകുമാരിയിലും പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്. രാവിലെ കന്യാകുമാരിയില്‍ എത്തി അവിടെ നിന്നും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തില്‍ മോദി പങ്കെടുക്കും. പത്തനംതിട്ട, മാവേലിക്കര, പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കൊച്ചിയിലേക്ക് തിരിക്കും.
പത്തനംതിട്ട സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയെക്കൂടാതെ സംസ്ഥാനത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കേന്ദ്രമന്ത്രി വി മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര) തുടങ്ങിയവര്‍ വേദിയിലുണ്ടാകും.
മൂന്ന് മാസത്തിനിടെ മോദി കേരളത്തില്‍ നാലാം തവണ
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് കേരളം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവ പറത്തുന്നത് കര്‍ശനമായി നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവി വി അജിത് അറിയിച്ചു. ഇരുസ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏയറോമോഡലുകള്‍, പാരാഗ്ളൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ളൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍ എന്നിവ പറത്തുന്നതിനാണ് നിരോധനം. രാത്രി 10 മണി വരെയാണ് നിയന്ത്രണം.