REPRESENTATIONAL IMAGE : PTI
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തീയതി പ്രഖ്യാപനം നാളെ വൈകിട്ട് 3 മണിക്ക്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്ന ദേശീയ സര്‍വെ കഴിഞ്ഞദിവസമാണ് കമ്മീഷന്‍ പൂര്‍ത്തിയാക്കുന്നത്. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങും കഴിഞ്ഞദിവസമാണ് നിയമിക്കപ്പെടുന്നത്. ഇരുവരെയും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ലോക്‌സഭാ തെരഞ്ഞെടുപ്പിന് അന്തിമരൂപം നല്‍കുന്നതിനായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞദിവസം എസ്ബിഐ വിവരങ്ങള്‍ കൈമാറിയതോടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. മാര്‍ച്ച് 15 ന് വൈകീട്ട് 5 മണിക്ക് മുന്‍പ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.