PHOTO: WIKI COMMONS
ലോക്‌സഭ തിരഞ്ഞെടുപ്പ്: 102 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുക. 1,625 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്ന് നിശ്ശബ്ദ പ്രചരണമാണ്.
തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും (39) ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നതും തമിഴ്‌നാട്ടിലാണ്. ഡിഎംകെ നയിക്കുന്ന ഇന്‍ഡ്യ മുന്നണിയും എഐഎഡിഎംകെ മുന്നണിയും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ യും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തമിഴകം വേദിയാകുന്നത്.
തമിഴ്‌നാട് കഴിഞ്ഞാല്‍ ഒന്നാംഘട്ടത്തില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 12 സീറ്റുകളിലായാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലും ബംഗാളിലും എട്ട് മണ്ഡലങ്ങളിലും മധ്യപ്രദേശില്‍ ആറ് സീറ്റിലും മഹാരാഷ്ട്ര, അസം എന്നിവിടങ്ങളില്‍ അഞ്ച് മണ്ഡലങ്ങളിലും ആണ് വോട്ടെടുപ്പ്. കൂടാതെ ബിഹാര്‍, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മേഘാലയ, ഛത്തീസ്ഗഢ്, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളും നാളെ ജനവിധി തേടും.
ഒന്നാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖരുമുണ്ട്. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരി, ജിതേന്ദ്ര സിംഗ്, സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘ്‌വാള്‍, തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ, എ രാജ, ദയാനിധി മാരന്‍, യുപി മന്ത്രി ജിതിന്‍ പ്രസാദ് തുടങ്ങിയവരാണ് പ്രമുഖര്‍. ആദ്യഘട്ടത്തിന്റെ അവസാന പ്രചരണ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ റാലികളിലാണ് പങ്കെടുത്തത്. രാഹുല്‍ ഗാന്ധി കര്‍ണാടകയിലും പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലും പ്രചരണം നടത്തി.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. രാജ്യത്ത് പൂര്‍ണമായും വോട്ടിങ് മെഷീന്റെ നിയന്ത്രണത്തിലാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടുകള്‍ കാണുന്നതിനായി വിവി പാറ്റ് യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.