SUCHARITHA MOHANTY | IMAGE: WIKI COMMONS
ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറി
ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. സംസ്ഥാനത്തെ പുരി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തിയാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്. പാര്‍ട്ടി ധനസഹായം നിഷേധിച്ചതായി സുചാരിത മൊഹന്തി ആരോപിച്ചു. പാര്‍ട്ടി ഫണ്ടില്ലാതെ പുരിയില്‍ പ്രചരണം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് മൊഹന്തി ഇ മെയില്‍ അയച്ചെന്നാണ് റിപ്പോര്‍ട്ട്.
എഐസിസി ഒഡീഷയുടെ ചുമതലയുള്ള ഡോ അജോയ് കുമാര്‍ തന്നോട് സ്വയം പ്രതിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന് സുചാരിത മൊഹന്തി പറഞ്ഞു. പുരി ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ചില സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ പാര്‍ട്ടി നേതൃത്വത്തോട് താന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തന്റെ അഭ്യര്‍ത്ഥന പരിഗണിച്ചില്ലെന്നും മൊഹന്തി പ്രതികരിച്ചു. ഒഡീഷയില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടക്കുന്നത്.
വിഷയം പാര്‍ട്ടി ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 6 ആണ്. ആറാം ഘട്ടമായ മെയ് 25 നാണ് പുരി മണ്ഡലത്തില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയും ബിജെപി എതിരില്ലാതെ ജയിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്നും പിന്മാറുന്നത്.