REPRESENTATIONAL IMAGE: WIKI COMMONS
ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26 ന്, വോട്ടെണ്ണല്‍ ജൂണ്‍ 4 ന്
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ 4 ന് വോട്ടെണ്ണലും നടക്കും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഏപ്രില്‍ നാലും സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതി ഏപ്രില്‍ അഞ്ചും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്. ആദ്യഘട്ടം ഏപ്രില്‍ 19, രണ്ടാംഘട്ടം ഏപ്രില്‍ 26, മൂന്നാംഘട്ടം മെയ് 7, നാലാംഘട്ടം മെയ് 13, അഞ്ചാംഘട്ടം മെയ് 20, ആറാംഘട്ടം മെയ് 25, ഏഴാംഘട്ടം ജൂണ്‍ 1 തീയതികളില്‍ നടക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തില്‍ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശില്‍ മെയ് 13നും സിക്കിം ഏപ്രില്‍ 19 നും ഒറീസ മെയ് 13 നും അരുണാചല്‍ പ്രദേശ് ഏപ്രില്‍ 19 നും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കും.
തെരഞ്ഞെടുപ്പിന് പൂര്‍ണസജ്ജം
തെരഞ്ഞെടുപ്പിനായി പൂര്‍ണസജ്ജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍. 97 കോടി വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ വിധിയെഴുതുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ മസില്‍ പവര്‍, മണി പവര്‍, മിസ് ഇന്‍ഫര്‍മേഷന്‍, എംസിസി ലംഘനം തുടങ്ങിയ വെല്ലുവിളികളാണുള്ളതെന്നും ഇത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തുമെന്നും സിആര്‍പിഎഫിനെ വിന്യസിക്കുമെന്നും അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കും. ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ജില്ലകളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം സജ്ജമാക്കും. രാജ്യത്ത് 2100 തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കരാര്‍ ജോലിക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിക്കില്ലെന്നാണ് കമ്മീഷന്റെ അറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാന്യത പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, വിദ്വേഷ പ്രചാരണം എന്നിവ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
വിധി എഴുതാന്‍ 97 കോടി വോട്ടര്‍മാര്‍
തെരഞ്ഞെടുപ്പില്‍ വിധി എഴുതുന്നത് 97 കോടി വോട്ടര്‍മാരായിരിക്കും. 49.7 കോടി പുരുഷ വോട്ടര്‍മാരും, 49.1 കോടി സ്ത്രീ വോട്ടര്‍മാരും, 48000 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കന്നി വോട്ടര്‍മാരുടെ എണ്ണം 1.8 കോടിയും യുവ വോട്ടര്‍മാരുടെ എണ്ണം 19.74 കോടിയുമാണ്. സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 10.5 ലക്ഷം പോളിങ് ബൂത്തുകളും 55 ലക്ഷം ഇലക്ട്രിക് വോട്ടിങ് മെഷീനുകളുമാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 1.5 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെയും നിയമിക്കും.