
PHOTO: WIKI COMMONS
ലോക് സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ജനം വിധിയെഴുതുന്നു
പതിമൂന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 88 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികള്‍ ഇന്ന് ജനവിധി തേടുകയാണ്. കേരളത്തില്‍ തിരുവനന്തപുരം, വയനാട്, തൃശൂര്‍ മണ്ഡലങ്ങളിലെ മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. കേരളത്തിലും രാജസ്ഥാനിലും മണിപ്പൂരിലും രണ്ടാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
സംസ്ഥാനത്ത് 25,177 തെരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളുമടക്കം 25,358 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2,77,49,159 വോട്ടര്‍മാരാണ് 20 മണ്ഡലങ്ങളിലായി വോട്ടവകാശം വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ 194 സ്ഥാനാര്‍ത്ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. കേരളത്തില്‍ 20, കര്‍ണാടകയില്‍ 14, രാജസ്ഥാനില്‍ 13, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എട്ട് വീതം, മധ്യപ്രദേശില്‍ ഏഴ്, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതവും, ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീര്‍, മണിപ്പൂര്‍, ത്രിപുര മണ്ഡലങ്ങളില്‍ ഒരിടത്തേക്കുമാണ് വോട്ടെടുപ്പ് നടക്കുക.
89 മണ്ഡലങ്ങളിലായാണ് ആദ്യം രണ്ടാം ഘട്ട വോട്ടെടുപ്പ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ മധ്യപ്രദേശിലെ ബേതുളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വോട്ടെടുപ്പ് പുനഃക്രമീകരിച്ചു. മെയ് 7 ന് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ ബേതുളില്‍ വോട്ടെടുപ്പ് നടക്കും.
വോട്ടെണ്ണല്‍ ജൂണ്‍ 4 ന്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റ ഏഴാം ഘട്ടവും പൂര്‍ത്തിയാകുന്നതോടെ ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 നായിരുന്നു നടന്നത്. മൂന്നാംഘട്ടം മെയ് 7, നാലാംഘട്ടം മെയ് 13, അഞ്ചാംഘട്ടം മെയ് 20, ആറാംഘട്ടം മെയ് 25, ഏഴാംഘട്ടം ജൂണ്‍ 1 തീയതികളില്‍ നടക്കും. ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് മാര്‍ച്ച് 16 ന് തീയതികള്‍ പ്രഖ്യാപിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഏപ്രില്‍ നാലും സൂക്ഷ്മ പരിശോധനയ്ക്കുള്ള തീയതി ഏപ്രില്‍ അഞ്ചും നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമായിരുന്നു.
ആദ്യ ഘട്ടത്തില്‍ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നു. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തില്‍ 94 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാ പ്രദേശില്‍ മെയ് 13നും സിക്കിം ഏപ്രില്‍ 19 നും ഒറീസ മെയ് 13 നും അരുണാചല്‍ പ്രദേശ് ഏപ്രില്‍ 19 നും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കും.