അര്‍ജുന്‍ മേഘ്‌വാള്‍ | PHOTO: PTI
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി; ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ബില്‍ ലോക്‌സഭ പാസാക്കി. പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന സമിതിയാകും ഇനി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുക. പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2023 മാര്‍ച്ചിലെ സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് മറികടക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. നേരത്തെ രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളിലും ബില്ലിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. നിയമമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിച്ചത്.
നിഷ്പക്ഷതയെ തകര്‍ക്കും
സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുന്നരീതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒപ്പം പ്രതിപക്ഷ നേതാവുമടങ്ങിയ സമിതിയാകണം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടത് എന്ന് 2023 മാര്‍ച്ചില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് ബില്‍ പാസാക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി രാഷ്ട്രപതി നിയമിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുന്നതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാമെന്ന് കോടതി നിര്‍ദേശവും നല്‍കിയിരുന്നു. മന്ത്രിസഭയുടെ രാഷ്ട്രീയ തീരുമാനത്തിനു പകരം കൊളീജിയം മാതൃകയില്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്.
എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയതോടെ കേന്ദ്ര സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സമിതിയാകും ഇനി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ടതാണ് പാസാക്കിയ പുതിയ ബില്‍. ഡിസംബര്‍ 12 നായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്. ഇരുസഭകളും പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറും.
പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍
പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. പാര്‍ലമെന്റ് ആക്രമണത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത വേളയില്‍ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷിയാക്കിയാണ് ബില്‍ പാസാക്കിയത്. 1991 ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ടിന് പകരം പുതിയ നിയമം കൊണ്ടുവരുന്നതാണ് ബില്‍.
ലോക്‌സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നിവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ നിന്നുമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം ഇതോടെ 146 ആയി.