TMJ
searchnav-menu
post-thumbnail

TMJ Daily

30 വര്‍ഷത്തേക്ക് ലോകസഭ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കരുത്: തമിഴ്‌നാട്

05 Mar 2025   |   2 min Read
TMJ News Desk

2026 മുതല്‍ അടുത്ത 30 വര്‍ഷത്തേക്ക് ലോകസഭ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കരുതെന്നും മണ്ഡലങ്ങളുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തരുതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2001ലെ 84ാം ഭരണഘടനാ ഭേദഗതിയിലൂടെ 2026ന് ശേഷമുള്ള ആദ്യത്തെ സെന്‍സസ് വരെ മണ്ഡലങ്ങളുടെ അതിര്‍ത്തിയില്‍ മാറ്റം വരുത്തുന്നത് തടഞ്ഞിരുന്നു.

തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും ലോകസഭ സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് തടയുന്നതിനുള്ള സമരം നടത്താനും തീരുമാനിച്ചു.

തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കിയത് കാരണം ഈ സംസ്ഥാനങ്ങളിലെ ലോകസഭ സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് അനീതിയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. 2026 മുതല്‍ അടുത്ത 30 വര്‍ഷത്തേക്ക് നിലവിലെ രീതി കേന്ദ്രം തുടരണമെന്നും 2001ല്‍ അന്നത്തെ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പേയി വാഗ്ദാനം ചെയ്തത് പോലെ 1971ലെ സെന്‍സസ് അനുസരിച്ച് മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നടപടികളെ യോഗം പാസാക്കിയ പ്രമേയം അപലപിച്ചു. തമിഴ്‌നാടിന്റേയും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളുടേയും രാഷ്ട്രീയ പ്രാതിനിധ്യത്തിന് വന്‍ഭീഷണിയാണ് നടപടികളെന്ന് പ്രമേയം പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള 39 എംപിമാരുടെ ശബ്ദം പോലും കേള്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാക്കാത്ത സാഹചര്യത്തില്‍ ലോകസഭ സീറ്റുകളുടെ എണ്ണം കുറച്ചാല്‍ മായാത്ത അനീതിയാകും മണ്ഡല പുനര്‍നിര്‍ണയമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഈ വിഷയത്തില്‍ നമ്മള്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2026ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെ നിസ്സംശയം എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയും സഖ്യകക്ഷികളും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു.

ബിജെപിയും സഖ്യകക്ഷിയായ തമിഴ് മാനില കോണ്‍ഗ്രസും നടന്‍ സീമാന്റെ നാം തമിഴര്‍ കക്ഷിയും യോഗം ബഹിഷ്‌കരിച്ചു.

തെക്കേ ഇന്ത്യയുടെ മേല്‍ തൂങ്ങിക്കിടക്കുന്ന ഡമോക്ലീസിന്റെ വാളാണ് മണ്ഡലപുനര്‍നിര്‍ണയമെന്ന് സ്റ്റാലിന്‍ പറഞ്ഞു. 2026 സെന്‍സസിനെ അടിസ്ഥാനമാക്കിയാകും പുനര്‍നിര്‍ണയം നടക്കുകയെന്നും നിലവിലെ 543 ലോകസഭ മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയും ചെയ്താല്‍ തമിഴ്‌നാടിന്റെ പ്രാതിനിധ്യം എട്ട് സീറ്റുകള്‍ കുറയുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ലോകസഭ മണ്ഡലങ്ങളുടെ എണ്ണം 848 ആയി വര്‍ദ്ധിപ്പിച്ചാല്‍ തമിഴ്‌നാടിന് 22 മണ്ഡലങ്ങള്‍ അധികമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



 

#Daily
Leave a comment