പി എസ് ജിക്ക് ഇനി എൻറിക്വെ
ഫ്രഞ്ച് വമ്പന്മാരായ പി എസ് ജിയുടെ മാനേജരായി സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ ചുമതലയേൽക്കും. പി എസ് ജിയുടെ മുൻ കോച്ചായിരുന്ന ക്രിസ്റ്റഫർ ഗാൾട്ടിയറെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് മാറ്റിയിരുന്നു. ഗാൾട്ടിയർക്ക് പകരക്കാരനായാണ് എൻറിക്വയെ പി എസ് ജി നിയമിക്കുന്നത്.
പി എസ് ജിയുടെ മാനേജർമാർ
ഫ്രഞ്ച് ലീഗായ ലീഗ് വൺ എല്ലാ വർഷവും ടീം നേടുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വച്ച് കൊണ്ടാണ് ക്ലബ് ഇടക്കിടെ മാനേജർമാരെ മാറ്റുന്നത്. 2020 ൽ ജർമൻ പരിശീലകൻ തോമസ് ടുഷേലിന്റെ കീഴിൽ ടീം ഫൈനലിൽ കടന്നെങ്കിലും ആ വർഷം മികച്ച ഫോമിൽ നിൽക്കുന്ന ബയേൺ മൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽക്കുകയായിരുന്നു. എന്നാൽ തൊട്ടടുത്ത സീസണിൽ ആദ്യ ലീഗ് മത്സരങ്ങളിൽ PSG നിറം മങ്ങിയതോടെ ടുഷേലിനെ പുറത്താക്കുകയും പകരം അർജന്റൈൻ പരിശീലകൻ മൗറീസിയോ പൊച്ചെട്ടീനോയെ പുതിയ കോച്ചായി നിയമിക്കുകയും ചെയ്തു. എന്നാൽ ആ സീസണിലും ടീമിന് കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല എന്ന് മാത്രമല്ല തുടർച്ചയായി നേടുന്ന ലീഗ് കിരീടവും കൈ വിട്ട് പോയി.
ലില്ലെ ആയിരുന്നു ആ വർഷത്തെ ലീഗ് ജേതാക്കൾ. തൊട്ടടുത്ത വർഷവും പൊച്ചെട്ടിനോ തുടരുകയും ടീമിന്റെ എക്കാലത്തെയും മികച്ച സൈനിങ്ങുകളും ആ വർഷം തന്നെ നടക്കുകയും ചെയ്തു. ബാഴ്‌സലോണയിൽ നിന്ന് ലയണൽ മെസ്സി, റയൽ മാഡ്രിഡിൽ നിന്ന് സെർജിയോ റാമോസ്, ഇന്റർ മിലാനിൽ നിന്ന് അഷ്‌റഫ് ഹക്കിമി, എസി മിലാനിൽ നിന്ന് ഡൊണ്ണറുമ ലിവർപൂളിൽ നിന്ന് വൈനാൽഡം എന്നിവരെ ക്ലബ്ബ് വൻ സാലറിയോടെ പാരീസിൽ എത്തിച്ചു. എന്നാൽ ആ സീസണിൽ ലീഗ് കിരീടം തിരിച്ചു പിടിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. അതോടെ പൊച്ചെട്ടീനോയുടെ സ്ഥാനവും തെറിക്കുകയായിരുന്നു. പിന്നാലെ ക്രിസ്റ്റഫർ ഗാൾട്ടിയർ പി എസ് ജി യുടെ കോച്ചായി എത്തുകയും ചെയ്തു. ഗാൾട്ടിയറുടെ വിധിയും പൊച്ചെട്ടീനോയുടേതിന് സമാനമായിരുന്നു.
ലൂയിസ് എൻറിക്വെ.
തന്റെ കളി ജീവിതത്തിൽ റയൽ മാഡ്രിഡിനായും ബാഴ്‌സലോണക്കായും പന്ത് തട്ടിയ എൻറിക്വെ തന്റെ കോച്ചിംഗ് കരിയർ ആരംഭിക്കുന്നത് ബാഴ്‌സലോണയിൽ നിന്ന് തന്നെയാണ്. പെപ് ഗ്വാർഡിയോളയെ ബാഴ്‌സലോണ ബി ടീമിൽ നിന്നും സീനിയർ ടീമിന്റെ കോച്ചായി പ്രമോട്ട് ചെയ്തപ്പോൾ എൻറിക്വെ ബി ടീമിന്റെ കോച്ചായി ചുമതല ഏൽക്കുകയായിരുന്നു. 2008 മുതൽ 2011 വരെ ബാഴ്‌സലോണ ബിയുടെ കോച്ചായി ചുമതല വഹിച്ച ഇദ്ദേഹം പിന്നീട് എ എസ് റോമ, സെൽറ്റാ വിഗോ എന്നീ ടീമുകളെയും പരിശീലിപ്പിച്ചു. അതിനുശേഷമാണ് 2014 ൽ ബാഴ്‌സലോണയുടെ സീനിയർ ടീമിന്റെ കോച്ചായി ഉണ്ടായിരുന്നത്. എൻറിക്വെ ബാഴ്‌സലോണയോടൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നേടാൻ പറ്റുന്ന കിരീടങ്ങൾ ഒക്കെ നേടി.
ബാഴ്‌സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടെ നേടുമ്പോഴും കോച്ച് എൻറിക്വെ ആയിരുന്നു. 2017 ൽ എൻറിക്വെ ബാഴ്‌സ വിടുകയും 2018 ൽ സ്‌പെയിനിന്റെ ദേശീയ ടീം കോച്ചായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ ബാഴ്‌സലോണയിലേക്ക് കൊണ്ടുവന്ന നേട്ടങ്ങൾ ഇദ്ദേഹത്തിന് സ്‌പെയിനിൽ ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. നേഷൻസ് ലീഗ് ഫൈനലിലും യൂറോകപ്പ് സെമിയിലും എൻറിക്വെ ടീമിനെ എത്തിച്ചെങ്കിലും കിരീടം നേടിയില്ല. പല ടൂർണമെന്റുകളിലും പെനാൽറ്റി ഷൂട്ടൗട്ട് ആണ് സ്‌പെയിനിന്റെ ദുർവിധി ആയത്. ഖത്തർ വേൾഡ് കപ്പിലും ഇതുതന്നെ സംഭവിച്ചതോടെ എൻറിക്വെ ടീം വിടാനുള്ള തീരുമാനത്തിലേക്ക് സ്വയം എത്തുകയായിരുന്നു. ബാഴ്‌സലോണയിൽ നിന്ന് കിട്ടിയ അവരുടെ തനത് ശൈലിയായ പന്ത് കയ്യിൽ വച്ച് കളിക്കുക എന്നുള്ള തത്വത്തെ അടിസ്ഥാനപ്പെടുത്തിയ കളി തന്നെയാണ് എൻറിക്വെ പിന്തുടരുന്നത്.
സൂപ്പർതാരമായ മെസ്സി ക്ലബ്ബ് വിടുകയും എംബാപ്പയും നെയ്മറും അടക്കമുള്ള താരങ്ങൾ ക്ലബ്ബിൽ നിൽക്കുമോ എന്നുള്ള കാര്യം ഉറപ്പാകാതെയും നിൽക്കുന്ന ഘട്ടത്തിലാണ് എൻറിക്വെ മാനേജരായി പാരീസിൽ എത്തുന്നത്. രണ്ടുവർഷത്തെ കരാറാണ് ക്ലബ്ബ് എൻറിക്വെയ്ക്ക് നൽകുന്നത്.