PHOTO: ROSCOSMOS
ചന്ദ്രയാനൊപ്പമെത്താന്‍ റഷ്യയും ചന്ദ്രനിലേക്ക്; ലൂണ 25 വെള്ളിയാഴ്ച കുതിച്ചുയരും
ചന്ദ്രയാന്‍ 3 ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു പിന്നാലെ ചാന്ദ്രദൗത്യം പൂര്‍ത്തീകരിക്കാന്‍ റഷ്യയും. റഷ്യയുടെ ലൂണ 25 ഓഗസ്റ്റ് 11 ന് കുതിച്ചുയരും. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് റഷ്യന്‍ പേടകം ചന്ദ്രന്റെ മണ്ണില്‍ നിലംതൊടാനൊരുങ്ങുന്നത്. ചന്ദ്രയാന്‍ ദൗത്യം പോലെ ദക്ഷിണധ്രുവം കേന്ദ്രീകരിച്ചു തന്നെയാണ് റഷ്യയും ലാന്‍ഡിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 1976 ലായിരുന്നു റഷ്യ ഇതിനുമുമ്പ് ചാന്ദ്രദൗത്യം നടത്തിയത്.
മോസ്‌കോയില്‍ നിന്ന് ഏകദേശം 5,500 കിലോമീറ്റര്‍ അകലെ കിഴക്കുള്ള വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി ഒരു ഗ്രാമം മുഴുവന്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യ. റഷ്യയിലെ ഖബറോവ്‌സ്‌ക് മേഖലയിലെ ഷാക്റ്റിന്‍സ്‌കി സെറ്റില്‍മെന്റിലെ താമസക്കാരെയാണ് ഒഴിപ്പിക്കുക. വിക്ഷേപണശേഷം റോക്കറ്റ് ബൂസ്റ്ററുകള്‍ വേര്‍പെട്ട് ഈ ഗ്രാമത്തില്‍ പതിച്ചേക്കാമെന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി.
ചന്ദ്രോപരിതലം തൊടുക ഇന്ത്യയോ റഷ്യയോ?
ഈ മാസം 23 നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാന്‍ഡിങിനു മുന്‍പോ, തൊട്ടുപിന്നാലേയോ ലൂണയും ചന്ദ്രോപരിതലം തൊടും. ആരാകും ആദ്യം ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെത്തുകയെന്ന ആകാംക്ഷയിലാണ് ലോകം.
ഇന്ത്യയുടെ ചാന്ദ്രദൗത്യം ഇപ്പോള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുകയാണ്. ഭൂമിയില്‍ നിന്ന് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത് ജൂലൈ 14 നായിരുന്നു. ഓഗസ്റ്റ് 23 ന് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗലൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക് ഗ്രൗണ്ട് സ്‌റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
ലൂണ 25 അഞ്ചു ദിവസംകൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തും. തുടര്‍ന്ന് ഏഴു ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ദക്ഷിണ ധ്രുവത്തിലെ മൂന്ന് ലാന്‍ഡിങ് സൈറ്റുകളില്‍ ഒന്നില്‍ ഇറങ്ങും. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതികവിദ്യകളുടെ വികസനം, ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ചുള്ള ഗവേഷണം, ജലം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ക്കായുള്ള പര്യവേക്ഷണം എന്നിവയാണ് ലൂണ 25 ന്റെ ലക്ഷ്യം. ലാന്‍ഡര്‍ ഒരു വര്‍ഷത്തേക്ക് ചന്ദ്രോപരിതലത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രയാന്‍ ദൗത്യങ്ങള്‍
1971 ല്‍ ലോകത്തിലെ ആദ്യ ബഹിരാകാശ നിലയം സല്യൂട്ട് 1 വിക്ഷേപിച്ചതു സോവിയറ്റ് യൂണിയനായിരുന്നു. ഈ പദ്ധതി 1982 ലാണ് അവസാനിച്ചത്. 1959 ല്‍ ലൂണ 1 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേവര്‍ഷം ലൂണ 2 ദൗത്യമുപയോഗിച്ച് സോവിയറ്റ് യൂണിയന്‍ ലാന്‍ഡിങ് നടത്തി. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങിനു പകരം ഇടിച്ചിറക്കുകയായിരുന്നു. ഇതോടെ ചന്ദ്രോപരിതലത്തില്‍ എത്തുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തു ലൂണ 2 ആയി. 1966 ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ 9 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. പിന്നീട് ലൂണ 13 വരെ സോവിയറ്റ് യൂണിയന്‍ വിജയം തുടര്‍ന്നു. ഈ പാരമ്പര്യപ്പെരുമയിലാണ് ലൂണ 25 ഉം ചന്ദ്രനിലേക്ക് കുതിക്കുന്നത്.
ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ചന്ദ്രയാന്‍-1, 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രന്റെ കെമിക്കല്‍, മിനറോളജിക്കല്‍, ഫോട്ടോ-ജിയോളജിക്കല്‍ മാപ്പിംഗിനായി ചന്ദ്രോപരിതലത്തില്‍ നിന്ന്, 100 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ വലംവയ്ക്കുന്നതായിരുന്നു പേടകം. ഇന്ത്യ, അമേരിക്ക, യുകെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിര്‍മിച്ച 11 ശാസ്ത്രീയ ഉപകരണങ്ങള്‍ പേടകത്തിലുണ്ടായിരുന്നു. ഉപഗ്രഹം ചന്ദ്രനു ചുറ്റും 3,400-ലധികം ഭ്രമണപഥങ്ങള്‍ നടത്തുകയുണ്ടായി. 2009 ഓഗസ്റ്റ് 29-ന് പേടകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതോടെ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുകയാണുണ്ടായത്. ആസൂത്രണം ചെയ്ത രണ്ട് വര്‍ഷത്തിലെ 312 ദിവസം ചന്ദ്രയാന്‍-1 പ്രവര്‍ത്തിക്കുകയും ലക്ഷ്യങ്ങളുടെ 95% കൈവരിക്കുകയും ചെയ്തു. ചന്ദ്രനിലെ മണ്ണില്‍ ജലതന്മാത്രകളുടെ വ്യാപകമായ സാന്നിധ്യമാണ് ചന്ദ്രയാന്‍-1 ന്റെ ഏറ്റവും വലിയ കണ്ടെത്തല്‍.
ഐ.എസ്.ആര്‍.ഒ ചരിത്രത്തില്‍ ചന്ദ്രയാന്‍-2 ദൗത്യം മുന്‍ ദൗത്യങ്ങളെ അപേക്ഷിച്ച് വളരെ സുപ്രധാനവും സങ്കീര്‍ണവുമായിരുന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലയായ, ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 22 ജൂലൈ 2019 ലാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. പക്ഷേ, സെപ്റ്റംബറില്‍ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു. ഇതിനുശേഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഏഴു വര്‍ഷത്തെ ആയുസ്സായിരുന്നു ചന്ദ്രയാന്‍-2 ദൗത്യത്തിന് പ്രതീക്ഷിച്ചിരുന്നത്.
പ്രതീക്ഷയോടെ ഇന്ത്യ
ചന്ദ്രയാന്‍-2 ന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തില്‍ പൂര്‍ത്തിയാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ശാസ്ത്രസംഘം. ചാന്ദ്രരഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ദൗത്യമാണിത്. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നത്.
ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ ജി.എസ്.എല്‍.വി മാര്‍ക്ക്-3 യിലാണ് ചന്ദ്രയാന്‍ പേടകം കുതിച്ചുയര്‍ന്നത്. വിക്ഷേപണം കഴിഞ്ഞ് 22-ാം മിനിറ്റില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്ന പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങി. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം, വീണ്ടും ചന്ദ്രന്റെ കാന്തികവലയത്തിലേക്ക് മടങ്ങും. ചന്ദ്രനില്‍ ഭ്രമണപഥം ഉറപ്പിച്ചശേഷം നിര്‍ണായകമായ സോഫ്റ്റ് ലാന്റിങ് ആഗസ്റ്റ് 23 നായിരിക്കും.
ചന്ദ്രയാന്‍ ദൗത്യശ്രേണിയുടെ ഭാഗമായിട്ടുള്ള ചന്ദ്രയാന്‍-3 ലൂടെ, സോഫ്റ്റ് ലാന്‍ഡിങ് വഴി ചന്ദ്രോപരിതലത്തിലെത്തി ചേരാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതുമൂലം സോഫ്റ്റ് ലാന്‍ഡിംഗിലുള്ള ഇന്ത്യയുടെ കഴിവ് ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നും കരുതുന്നു. നിലവിലെ പുരോഗതികളെ ആസ്പദമാക്കിയാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ മേഖല ഒരു ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന സമ്പദ്‌വ്യവസ്ഥയായി തീരുമെന്ന് ഇതിനോടകം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.