ആഡംബര നൗക മുങ്ങി അപകടം; മൈക്ക് ലിഞ്ചിന്റെ മൃതദേഹം കണ്ടെത്തി, ഇതുവരെ കണ്ടെത്തിയത് 5 മൃതദേഹങ്ങള്‍
ബ്രിട്ടനിലെ ബില്‍ ഗേറ്റ്‌സ് എന്നറിയപ്പെടുന്ന ടെക്‌നോളജി വ്യവസായി മൈക്ക് ലിഞ്ചിന്റെ മൃതദേഹം കണ്ടെത്തി. ഇറ്റലിയിലെ സിസിലി തീരത്തുണ്ടായ ചുഴലിക്കാറ്റില്‍ ലിഞ്ചും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സഞ്ചരിച്ച ഉല്ലാസ നൗക അപകടത്തില്‍ പെടുകയായിരുന്നു. 22 പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.
ലിഞ്ചിനെയും മകള്‍ ഹന്നയെയും മറ്റ് നാല് യാത്രക്കാരെയും അപകടത്തില്‍ കാണാതാവുകയായിരുന്നു. മൂന്ന് ദിവസത്തെ തിരിച്ചിലിന് ശേഷമാണ് ലിഞ്ച് മരിച്ചതായി സ്ഥിരീകരിക്കുന്നത്. ലിഞ്ചിന്റെ മകളെ കണ്ടെത്താനായിട്ടില്ല. വാട്ടര്‍ സ്പൗട്ട് എന്നറിയപ്പെടുന്ന ഒരു തരം കടല്‍ ചുഴലിക്കാറ്റോടെയാണ് അപകടമുണ്ടാകുന്നത്.
അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 56 മീറ്റര്‍ വരുന്ന ബ്രിട്ടീഷ് പതാകയുള്ള നൗക കിഴക്ക് പോര്‍ട്ടിസെല്ലോയില്‍ നിന്ന് 700 മീറ്റര്‍ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ചുഴലിക്കാറ്റില്‍ മിനിറ്റുകള്‍ക്കകം മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ലിഞ്ചിന്റെ ഭാര്യ ഉള്‍പ്പെടെ 15 പേരെ രക്ഷപ്പെടുത്തി.
ബ്രിട്ടനിലെ ബില്‍ ഗേറ്റ്സ് എന്ന് അറിയപ്പെടുന്ന സംരംഭകനായ ലിഞ്ച് ഒരു യുഎസ് വഞ്ചനാ കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെയാണ് അപകടം ഉണ്ടാകുന്നത്. ഇറ്റാലിയന്‍ അധികൃതര്‍ അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ രക്ഷപ്പെട്ട ന്യൂസിലന്‍ഡുകാരന്‍ ക്യാപ്റ്റന്‍ ജെയിംസ് കട്ട്ഫീല്‍ഡ് ഉള്‍പ്പെടെ രക്ഷപ്പെട്ട എല്ലാവരെയും അഭിമുഖം നടത്തുകയാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.