
സോഷ്യല്‍ മീഡിയയില്‍ വിവാദമായ കാര്‍ ഭാര്യയുടേതാണെന്ന് എം സ്വരാജ്
സോഷ്യല്‍ മീഡിയയില്‍ വിവാദമായ കാര്‍ ഭാര്യയുടേതാണെന്ന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. സംരംഭകയായ ഭാര്യ ഫെഡറല്‍ ബാങ്കിന്റെ എടപ്പള്ളി ശാഖയില്‍നിന്നും വായ്പയെടുത്ത് വാങ്ങിയ കാറാണതെന്നും താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ വാങ്ങിയ കാര്‍ വിറ്റിരുന്നുവെന്നും സ്വരാജ് വിശദീകരിച്ചു.
സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയിരിക്കുമ്പോള്‍ ഒരു കാറുണ്ടായിരുന്നുവെന്ന് സത്യവാങ്മൂലം നോക്കിയാല്‍ അറിയാമെന്നും അത് വില്‍ക്കുകയാണ് ചെയ്തതെന്നും സ്വരാജ് പറഞ്ഞു. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പറയുന്ന കാര്‍ ഭാര്യയാണ് വാങ്ങിയത്. എടപ്പള്ളി ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പ എടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ ഒരു സംരംഭകയാണെന്നും അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ടെന്നും ഈ നാട്ടില്‍ ആര്‍ക്കും വായ്പ എടുത്ത് വാഹനം വാങ്ങാന്‍ അവകാശമുണ്ടെന്നുമാണ് താന്‍ മനസ്സിലാക്കുന്നതെന്നും സ്വരാജ് പറഞ്ഞു.
കാര്‍ വാങ്ങുന്നതിന് സോഷ്യല്‍മീഡിയയിലെ ആരുടെയെങ്കിലും അനുവാദം വേണമെന്ന് അറിയില്ലായിരുന്നുവെന്നും അക്കാര്യം ഭാര്യയോടു പറയാമെന്നും അദ്ദേഹം പറഞ്ഞു.


