TMJ
searchnav-menu
post-thumbnail

TMJ Daily

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം അവസാനിപ്പിക്കണം; ഇസ്രയേലിനെതിരെ ഫ്രഞ്ച്

11 Nov 2023   |   1 min Read
TMJ News Desk

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സ്വയം സംരക്ഷിക്കാനുള്ള ഇസ്രയേലിന്റെ അവകാശം അംഗീകരിക്കുമ്പോള്‍ത്തന്നെ ഗാസയിലെ ആക്രമണം എത്രയും വേഗം നിര്‍ത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുകയാണെന്ന് മാക്രോണ്‍ പറഞ്ഞു. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് കൊല്ലപ്പെടുന്നതില്‍ ഏറെയും. ഇത് ന്യായീകരിക്കാവുന്നതല്ലെന്നും മാക്രോണ്‍ പറഞ്ഞു. 

യുഎസും യുകെയും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണോയെന്ന് പറയാന്‍ താന്‍ ആളല്ല. ഹമാസിന്റെ ആക്രമണത്തെ അപലപിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞു. 

ഗാസ ഭൂമിയിലെ നരകമായെന്ന് ലോകാരോഗ്യ സംഘടന

ഗാസയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്നും ഗാസയില്‍ ഒരാളും സുരക്ഷിതരല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം അറിയിച്ചു. ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറി. ഓരോ ദിവസവും ശരാശരി 134 കുട്ടികളാണ് മരിച്ചു വീഴുന്നതെന്നും ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നതായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസയില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകവ്യാപകമായി നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കുകളേക്കാള്‍ മുകളിലാണ്. ഗാസയില്‍ ഇതുവരെയുണ്ടായ മരണങ്ങളില്‍ 40 ശതമാനത്തിലധികവും കുഞ്ഞുങ്ങളാണെന്നും യുഎന്‍ വ്യക്തമാക്കി. 

നിലയ്ക്കാത്ത ആക്രമണം 

വടക്കന്‍ ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്കുനേരെ ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തി. കുട്ടികളുടെ ആശുപത്രിക്കു നേരെയും ആക്രമണം ഉണ്ടായതായാണ് വിവരം. തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പലസ്തീനികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ഇതുവരെ 11,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പറയുന്നു. അതേസമയം, യുദ്ധമേഖലയില്‍ അകപ്പെട്ട സാധാരണക്കാര്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഇസ്രയേല്‍ നാലുമണിക്കൂര്‍ ഇടവേള അനുവദിച്ചതോടെ ആയിരക്കണക്കിനാളുകളാണ് ഗാസയിലെ ഏക ഹൈവേയിലൂടെ പലായനം ചെയ്യുന്നത്. എന്നാല്‍ ഇസ്രയേല്‍ അനുവദിച്ച നാലുമണിക്കൂര്‍ ഇടവേള പര്യാപ്തമല്ലെന്ന് യുഎന്‍ അധികൃതര്‍ പറഞ്ഞു.

#Daily
Leave a comment