
മാക്രോണിന്റെ യുഎസ് സന്ദര്‍ശനം; യൂറോപ്പും ട്രംപും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൂടുതല്‍ വ്യക്തമാക്കി
റഷ്യയുമായി എത്രയും വേഗം വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തോടുള്ള യൂറോപ്പിന്റെ അഭിപ്രായ വ്യതാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ സന്ദര്‍ശനത്തില്‍ പുറത്തുവന്നു. ട്രംപും മാക്രോണും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായി.
ഇരുവരും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. അതിന്റെ സൗഹൃദഭാവം ട്രംപും മാക്രോണും ചര്‍ച്ചകളില്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പ്രധാനപ്പെട്ട വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസം മാക്രോണ്‍ ട്രംപിനോട് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച്ച യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ അങ്ങനെ വിശേഷിപ്പിക്കാന്‍ തയ്യാറായില്ല. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയാണ് അക്രമിയെന്നത് വ്യക്തമാണെന്ന് മാക്രോണ്‍ പറഞ്ഞു.
പുടിന്‍ സമാധാനം ഇല്ലാതാക്കിയെന്ന് ട്രംപുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാക്രോണ്‍ പറഞ്ഞു.
യുക്രെയ്‌നും റഷ്യയും തമ്മില്‍ ഒരു വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്നും അത് എത്രയും വേഗം നടപ്പിലാകുമെന്നുമുള്ള ശുഭാപ്തി വിശ്വാസം ട്രംപ് പ്രകടിപ്പിച്ചു. കരാറിലെത്തുമ്പോള്‍ തനിക്ക് പുടിനെ സന്ദര്‍ശിക്കാന്‍ മോസ്‌കോയിലേക്ക് പോകാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ആദ്യം താല്‍ക്കാലിക യുദ്ധ വിരാമം നടപ്പിലാക്കിയശേഷം സുരക്ഷാ ഉറപ്പുകള്‍ അടക്കമുള്ള സമാധാന കരാറില്‍ എത്തുകയും വേണമെന്ന് മാക്രോണ്‍ പറഞ്ഞു. ദുര്‍ബലമായ ഒരു കരാര്‍ ആവശ്യമില്ലെന്നും മാക്രോണ്‍ പറഞ്ഞു.
അതേസമയം, സമാധാന കരാര്‍ നിലവില്‍ വന്നശേഷം യുറോപ്യന്‍ സമാധാന സേനയെ യുക്രെയ്‌നില്‍ വിന്യസിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടായി.
സമാധാന സേന മുന്നണിയില്‍ ഉണ്ടാകില്ലെന്നും ഏതെങ്കിലും സംഘര്‍ഷത്തിന്റെ ഭാഗമാകില്ലെന്നും അവര്‍ സമാധാനം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാനാണ് അവിടെ എത്തുന്നതെന്നും മാക്രോണ്‍ പറഞ്ഞു. സമാധാന സേനയെ പുടിനും അംഗീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. പുടിന്‍ ചെയ്യുന്നത് പോലെ താനും ആ ആശയത്തെ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഒരു മാസം മുമ്പ് ട്രംപ് അധികാരമേറ്റശേഷം യുഎസ് സന്ദര്‍ശിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ നേതാവാണ് മാക്രോണ്‍. കൂടുതല്‍ ഏകീകൃതമായ സമീപനത്തിലേക്ക് നയിക്കുന്ന ഒരു വഴിത്തിരിവാണ് ട്രംപുമായുള്ള ചര്‍ച്ചകളെന്ന് മാക്രോണ്‍ പറഞ്ഞു. സമാധാന കരാര്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന നിലപാട് ട്രംപ് എടുത്തപ്പോള്‍ ദുര്‍ബലമായ ഒരു കരാര്‍ ആവശ്യമില്ലെന്ന് മാക്രോണ്‍ പറഞ്ഞു.


