TMJ
searchnav-menu
post-thumbnail

TMJ Daily

മധു വധക്കേസ്; ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

15 Nov 2023   |   2 min Read
TMJ News Desk

അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസില്‍ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. അപ്പീലില്‍ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കരുത് എന്നതായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ഒന്നാം പ്രതിയുടെ ഒഴികെ മറ്റു 12 പ്രതികളുടെ ഇടക്കാല ഹര്‍ജികള്‍ കോടതി തള്ളി. ശിക്ഷ മരവിപ്പിച്ചതിനാല്‍ അപ്പീലില്‍ വിധി പറയുന്നതുവരെ ഒന്നാം പ്രതി ഹുസൈന് ജാമ്യം ലഭിക്കും. കുറ്റകൃത്യത്തിന്റെ ആദ്യഘട്ടത്തില്‍ ഹുസൈന്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 2024 ജനുവരിയിലാണ് കേസിലെ അപ്പീലുകളില്‍ വാദം കേള്‍ക്കുക.

അഞ്ചുവര്‍ഷത്തിനു ശേഷം വിധി

മധു വധക്കേസിലെ പ്രതികള്‍ക്ക് ഏപ്രില്‍ അഞ്ചാം തീയതിയാണ് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി ശിക്ഷ വിധിച്ചത്. വധക്കേസില്‍ 13 പ്രതികള്‍ക്ക് 7 വര്‍ഷം കഠിന തടവ്, മനപൂര്‍വമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരല്‍, മര്‍ദ്ദനം എന്നീ വകുപ്പുകള്‍ക്ക് പുറമേ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചും പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ധീഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, എന്നിവരെയാണ് 7 വര്‍ഷം കഠിന തടവിന് കോടതി വിധിച്ചിരുന്നത്. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപയും മറ്റ് പ്രതികള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവുമാണ് കോടതി പിഴ ചുമത്തിയത്. എന്നാല്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.

കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് 14 പ്രതികള്‍ കുറ്റക്കാരാണെന്ന വിധി വന്നത്. ജഡ്ജി കെഎം രതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. രാജേഷ് എം മേനോനായിരുന്നു കേസിലെ പ്രോസിക്യൂട്ടര്‍. 2018 ഫെബ്രുവരി 22 നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രതികള്‍ മധുവിനെ മര്‍ദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തിയത്. കേസില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 101 പേരെ വിസ്തരിച്ചപ്പോള്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

#Daily
Leave a comment