
മഹാരാഷ്ട്ര: ഫഡ്‌നാവിസിന് ആഭ്യന്തരം, അജിത് പവാറിന് ധനകാര്യം
മഹാരാഷ്ട്രയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. ഡിസംബര്‍ അഞ്ചിന് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ഏക്‌നാഥ് ഷിന്‍ഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റ മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഡിസംബര്‍ 15-ന് 39 മന്ത്രിമാരും ചുമതലയേറ്റിരുന്നു.
മുഖ്യമന്ത്രി ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പും നിയമ, നീതികാര്യ വകുപ്പും കൈവശം വച്ചപ്പോള്‍ ഷിന്‍ഡേയ്ക്ക് നഗര വികസന വകുപ്പും അജിത് പവാറിന് ധനകാര്യവും നല്‍കി.
മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തില്‍ വന്ന ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിന് അധികാര വിഭജനം അത്ര എളുപ്പമായിരുന്നില്ല. നിയമസഭ സമ്മേളനത്തിന്റെ അവസാന ദിവസമാണ് മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ചു നല്‍കാനായത്. 33 കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരും ഉണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമാണ് പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍. ചില വകുപ്പുകള്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മാറ്റിയെടുത്തു. എങ്കിലും മൂന്ന് മുതിര്‍ന്ന നേതാക്കളും അവരുടെ ഇഷ്ട വകുപ്പുകള്‍ തുടര്‍ന്നും കൈവശം വയ്ക്കും.
റവന്യൂ വകുപ്പ് ബിജെപി കൈവശം വയ്ക്കുമ്പോള്‍ വനിത, ശിശു വികസന വകുപ്പ് എന്‍സിപിയുടെ അദിതി തത്കരെയ്ക്ക് ലഭിച്ചു.ബിജെപിയുടെ മുതിര്‍ന്ന വനിതാ നേതാവിന് ലഭിക്കുമെന്ന് കരുതിയ വകുപ്പാണ് വനിത, ശിശു വികസന വകുപ്പ്. പുതുമുഖങ്ങള്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്.
ബിജെപിയുടെ നിതീഷ് റാണേയ്ക്ക് മത്സ്യബന്ധനം ലഭിച്ചു. ബിജെപിയുടെ തന്നെ ജയകുമാര്‍ ഗോര്‍ ഗ്രാമീണ വികസനം ലഭിച്ചു.
ആഭ്യന്തരം, ഊര്‍ജ്ജം, നിയമ- നീതി ന്യായം, പൊതുഭരണം, വിവര-പൊതുജന സമ്പര്‍ക്ക വകുപ്പുകള്‍ ഫഡ്‌നാവിസ് കൈകാര്യം ചെയ്യും. ഷിന്‍ഡേയ്ക്ക് നഗര വികസനത്തിനൊപ്പം ഹൗസിങ്, പബ്ലിക് വര്‍ക്ക്‌സും ലഭിച്ചു. അജിത് പവാറിന് ധനകാര്യവും ആസൂത്രണവും ഒപ്പം എക്‌സ്സൈസ് വകുപ്പും ലഭിച്ചു. നേരത്തെ, ഏക്‌നാഥ് ഷിന്‍ഡെയുടെ ഗ്രൂപ്പിന്റെ പക്കല്‍ ആയിരുന്നു എക്‌സ്സൈസ്.
ഏക്‌നാഥ് ഷിന്റഡെ ആഭ്യന്തരവകുപ്പിനായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. എന്നാല്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ യോഗേഷ് കദമിന് ആഭ്യന്തരം (ഗ്രാമീണം) സഹമന്ത്രി പദവി ലഭിച്ചു.
മന്ത്രിസഭാ വികസനത്തിന് ഒരാഴ്ച്ചയ്ക്കുശേഷമാണ് വകുപ്പ് വിതരണം നടന്നത്. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് ഏകദേശം ഒരു മാസത്തിനുശേഷവുമാണ് തര്‍ക്കങ്ങള്‍ പരിഹരിച്ച് വകുപ്പുകള്‍ പ്രഖ്യാപിക്കാനായത്.