
കേരളത്തെ മിനി പാകിസ്ഥാനെന്ന് വിളിച്ച് മഹാരാഷ്ട്ര മന്ത്രി
കേരളം മിനി പാകിസ്ഥാനാണെന്ന് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ പറഞ്ഞു. പൂനെ ജില്ലയിലെ പുരന്ദറിലെ ഒരു റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് മഹാരാഷ്ട്ര മത്സ്യബന്ധ മന്ത്രിയായ റാണെ കേരളത്തെ മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത്.
കേരളം ഒരു മിനി പാകിസ്ഥാനാണെന്നും അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും അവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് എന്നായിരുന്നു റാണെയുടെ പ്രസ്ഥാവന. എല്ലാ ഭീകരരും അവര്‍ക്കുവേണ്ടി വോട്ട് ചെയ്തു. ഇതാണ് സത്യം. നിങ്ങള്‍ക്ക് അന്വേഷിക്കാം. ഭീകരരെ ഒപ്പം കൂട്ടിയാണ് അവര്‍ എംപിമാരായത് എന്നും റാണെ പറഞ്ഞു.
റാണെയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി രംഗത്തെത്തി. ഒരു ലക്ഷം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ പ്രധാനമന്ത്രി മോദി ജയിച്ചതില്‍ ബിജെപി നേതാക്കള്‍ ആശങ്കാകുലരാണെന്നും പ്രിയങ്കാ ഗാന്ധിയുടെ വിജയം അവര്‍ക്ക് ദഹിക്കുന്നില്ലെന്നും ശിവസേന (യുബിടി) നേതാവ് ആനന്ദ് ദുബെ പറഞ്ഞു.
റാണെയുടേത് നിര്‍ഭാഗ്യകരമായ പ്രസ്താവനയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണ്, നമ്മുടെ ആളുകള്‍ അവിടെ വസിക്കുന്നു. അത് പാകിസ്ഥാനായി മാറുന്നുവെന്ന് അവര്‍ക്ക് തോന്നിയെങ്കില്‍ എന്തുകൊണ്ട് വിവരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. അമിത് ഷായാണ് ആഭ്യന്തര മന്ത്രി. എല്ലാ ഏജന്‍സികളും അവര്‍ക്ക് കീഴിലാണ്. ഇതൊരു മോശം രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് താന്‍ കേരളത്തിലെ സാഹചര്യം പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുകയാണ് ചെയ്തതെന്ന് പറഞ്ഞു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് റാണെ പറഞ്ഞു. എങ്കിലും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതിനെ കുറിച്ച് എല്ലാവരും ആശങ്കപ്പെടണം. ഹിന്ദുക്കളെ മുസ്‌ലീംങ്ങളും ക്രിസ്ത്യാനികളുമായി മതപരിവര്‍ത്തനം ചെയ്യുന്നത് സാധാരണമായ സംഗതിയാണെന്ന് കേന്ദ്ര മന്ത്രി നാരായണ്‍ റാണെയുടെ മകനായ നിതീഷ് പറഞ്ഞു.
ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ലൗ ജിഹാദ് കേസുകളും കേരളത്തില്‍ വര്‍ദ്ധിക്കുന്നുവെന്ന് നിതീഷ് ആരോപിച്ചു. കേരളത്തിലെ ഈ സാഹചര്യത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുകയായിരുന്നുവെന്ന് നിതീഷ് കൂട്ടിച്ചേര്‍ത്തു.


