TMJ
searchnav-menu
post-thumbnail

മഹുവ മൊയ്ത്ര | PHOTO: PTI

TMJ Daily

ലോഗിനും പാസ്‌വേഡും ഹിരാനന്ദാനിക്ക് നല്‍കി എന്ന് മഹുവ മൊയ്ത്ര

28 Oct 2023   |   1 min Read
TMJ News Desk

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പണം കൈപ്പറ്റിയിട്ടില്ല എന്നാല്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും ദര്‍ശന്‍ ഹിരാനന്ദാനിക്ക് നല്‍കി എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വെളിപ്പെടുത്തി. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് ഹിരാനന്ദാനിയില്‍ നിന്ന് പണം കൈപ്പറ്റി എന്നാണ് മഹുവയ്ക്ക് എതിരെയുള്ള ആരോപണം. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും തനിക്ക് മഹുവ നല്‍കി എന്ന ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലം പുറത്തു വന്നിരുന്നു. വിഷയം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്ന് മഹുവ 

ദര്‍ശന്‍ ഹിരാനന്ദാനിയുടെ ഓഫീസിലെ ഒരാള്‍ക്ക് ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും ലോഗിന്‍ ഐഡിയും പാസ്‌വേഡും നല്‍കിയിട്ടുണ്ട്. എന്നാല്‍ താന്‍ അറിയാതെ ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കില്ല. ചോദ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഒടിപി തന്റെ ഫോണിലേക്കാണ് വരിക. ഹിരാനന്ദാനിയില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി എന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാന്‍ കഴിയുമെങ്കില്‍ ഹിരാനന്ദാനി തെളിയിക്കണം എന്ന്  ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹുവ പറഞ്ഞു.

മുന്‍ പങ്കാളി ജയ് ആനന്ദ് ദെഹാദ്‌റായ് ആണ് മഹുവയ്‌ക്കെതിരെ ആദ്യം പരാതി ഉന്നയിച്ചത്. ഗൗതം അദാനിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദാനി മഹുവയുടെ അക്കൗണ്ട് ഉപയോഗിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു എന്നാണ് അഭിഭാഷകന്‍ കൂടിയായ ജയ് ആനന്ദ് സിബിഐക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി എംപി നിഷികാന്ത് ദുബെ മഹുവയ്‌ക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. 

വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്ന ഒരാളെ വ്യാജ പരാതി നല്‍കാന്‍ ഉപയോഗിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിക്ക് തന്നില്‍ പൂര്‍ണ വിശ്വാസമുണ്ട്, ആരോപണങ്ങള്‍ തെളിയിക്കാന്‍ തനിക്ക് സാധിക്കും എന്ന് മഹുവ വ്യക്തമാക്കി. പാര്‍ലമെന്റ് ലോഗിന്‍ വിദേശ സ്ഥാപനത്തിന് നല്‍കി എന്നാണ് ബിജെപിയുടെ ആരോപണം. ദര്‍ശന്‍ എന്റെ സുഹൃത്താണ്. ഒരു ഇന്ത്യന്‍ പൗരനാണ്. ദര്‍ശന്‍ ദുബായില്‍ നിന്നാണ് ലോഗിന്‍ ചെയ്തതെന്ന് ബിജെപി ആരോപിക്കുന്നു. താന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നാണ് ലോഗിന്‍ ചെയ്തത്. സഹോദരിയുടെ കുട്ടി കേംബ്രിഡ്ജില്‍ നിന്ന് ലോഗിന്‍ ചെയ്തിട്ടുണ്ട്. ഐപി വിലാസങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് എന്തുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് എന്ന് മഹുവ ചോദിച്ചു.


#Daily
Leave a comment