
മ്യാന്‍മറില്‍ വന്‍ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 7.7 രേഖപ്പെടുത്തി
മ്യാന്‍മറില്‍ റിക്ടര്‍സ്‌കെയിലില്‍ തീവ്രത 7.7 രേഖപ്പെടുത്തിയ കനത്ത ഭൂകമ്പം. മധ്യ മ്യാന്‍മറിലെ സഗായിങ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു.
ശക്തമായ പ്രകമ്പനങ്ങള്‍ തായ്‌ലന്‍ഡിലും ചൈനയിലെ യുനാനിലും ഉണ്ടായി. മ്യാന്‍മറില്‍ ധാരാളം കെട്ടിടങ്ങളും റോഡുകളും തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമല്ല.
തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ ഭൂമി കുലുക്കത്തില്‍ ബഹുനില കെട്ടിടത്തിലെ റൂഫ്‌ടോപ്പ് പൂളിലെ വെള്ളം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തായ്‌ലന്‍ഡ് സര്‍ക്കാര്‍ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി അടിയന്തര യോഗം ചേര്‍ന്നു.
പ്രാദേശിക സമയം 1.30 ഓടെയാണ് ഭൂകമ്പമുണ്ടായത്. മുന്നറിയിപ്പ് അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് അംബരചുംബികളായ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.