
യുക്രെയ്‌നിന് നല്‍കിയ സഹായം പാഴായില്ലെന്ന് ഉറപ്പാക്കണം: ട്രംപ്
റഷ്യയും യുക്രെയ്‌നും തമ്മില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സമാധാന കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രകടിപ്പിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ യുഎസും റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിന്റെ സാധ്യതയെക്കുറിച്ച് തനിക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടെന്നും തന്റെ ലക്ഷ്യം ജീവനുകളെ രക്ഷിക്കുക എന്നതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം, യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ രൂക്ഷമായി വിമര്‍ശിക്കാനും ട്രംപ് മറന്നില്ല.
യുക്രെയ്‌നിന് നല്‍കിയ സഹായം പാഴായില്ലെന്ന് നാറ്റോ രാജ്യങ്ങളും കീവും ഉറപ്പുവരുത്തണമെന്ന് ട്രംപ് പറഞ്ഞു. പണം എവിടെപ്പോയെന്ന് അവര്‍ കണ്ടെത്തണമെന്ന് ട്രംപ് പറഞ്ഞു.
യുഎസ് യുക്രെയ്‌നിന് നല്‍കിയ പണത്തില്‍ പകുതിയും എവിടെപ്പോയെന്ന് തനിക്ക് അറിയില്ലെന്ന് സെലന്‍സ്‌കി പറഞ്ഞത് ട്രംപ് ചൂണ്ടിക്കാണിച്ചു. അതെവിടെയാണ് പോകുന്നതെന്ന് ട്രംപ് ചോദിച്ചു. അതിന്റെ കണക്കുകള്‍ താനൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് വാഗ്ദാനം ചെയ്ത പണത്തില്‍ പകുതിയും ലഭിച്ചില്ലെന്ന് സെലെന്‍സ്‌കി കഴിഞ്ഞ മാസം ലെക്‌സ് ഫ്രിഡ്മാന് നല്‍കിയ പോഡ്കാസ്റ്റില്‍ പറഞ്ഞതിനെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു ട്രംപ്.