മലാല യൂസഫ്സായി | Photo: Wiki Commons
പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലെന്ന് മലാല യൂസഫ്‌സായി
നൊബേൽ ജേതാവ് മലാല യൂസഫ്സായി പുതിയ പുസ്തകത്തിന്റെ പണിപ്പുരയിൽ. 'എന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ കുറച്ചു വർഷങ്ങൾ അസാധാരണമായ മാറ്റങ്ങൾ നിറഞ്ഞതാണ്, ആത്യന്തികമായി ഞാൻ എന്നെ തന്നെ കണ്ടെത്തിയിരിക്കുന്നു' എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ കാര്യം മലാല അറിയിച്ചത്. ഇതുവരെ എഴുതിയതിൽ ഏറ്റവും വ്യക്തിപരമായ പുസ്തകമായിരിക്കും വരാൻ പോകുന്നതെന്നും നിങ്ങൾ എല്ലാവരും അത് വായിക്കാനായി ഞാൻ കാത്തിരിക്കുന്നു എന്നും മലാല പറഞ്ഞു. ഏട്രിയ ബുക്‌സ് ആണ് പ്രസാധകർ, പുസ്തകത്തിന് ഇതുവരെ പേരിടുകയോ പുസ്തകം പുറത്തിറങ്ങുന്ന തീയതി തീരുമാനിക്കുകയോ ചെയ്തിട്ടില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ച മലാലയ്ക്ക് താലിബാന്റെ വെടിയേറ്റിരുന്നു. താലിബാൽ നടത്തിയ വധശ്രമത്തെ അതിജീവിച്ചതിനു ശേഷം തന്റെ ജീവിതാനുഭവങ്ങൾ 'ഞാൻ മലാല' എന്ന പുസ്തകത്തിലൂടെ മലാല എഴുതി. പത്ത് വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ പുസ്തകത്തിന് ദശലക്ഷക്കണക്കിന് വായനക്കാർ ഉണ്ടായിരുന്നു. 2013 ലാണ് ഞാൻ മലാല പ്രസിദ്ധീകരിക്കുന്നത്.
ഞാൻ മലാല
മലാല യൂസഫ്‌സായിയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയാണ് ഞാൻ മലാല. ഈ പുസ്തകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയോ സ്‌കൂൾ പുസ്തക ശാലയിലേക്ക് വാങ്ങുകയോ ഇല്ലെന്ന് ഓൾ പാകിസ്താൻ പ്രൈവറ്റ് സ്‌കൂൾസ് ഫെഡറേഷൻ തീരുമാനിച്ചിരുന്നു. പുസ്തകം വിൽക്കുന്ന കടകൾ ആക്രമിക്കുമെന്ന് താലിബാൻ ഭീഷണിപ്പെടുത്തി. എന്നിരുന്നാലും ലോകത്താകമാനം ആ പുസ്തകം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പാകിസ്താനിൽ താലിബാന്റെ ശക്തികേന്ദ്രമായ സ്വാത് ജില്ലയിലെ മിങ്കോറയിലാണ് മലാല ജനിച്ചു വളർന്നത്. 2008 മുതലാണ് പൊതുവേദികളിൽ മലാല വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ എതിർക്കുന്ന താലിബാനെതിരേയും മലാല തന്റെ വിദ്യാഭ്യാസ കാലത്ത് ശബ്ദമുയർത്തി. ഒന്നാം സ്വാത് യുദ്ധത്തിന് ശേഷം സ്വാത്തിന്റെ നിയന്ത്രണം താലിബാന്റെ കൈകളിലാവുകയും അവർ പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്വതന്ത്ര ജീവിതവും തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് 2009 ലാണ് മലാല സ്വാതിലെ സ്ഥിതിഗതികളെ കുറിച്ച് ബിബിസിക്ക് വേണ്ടി വ്‌ളോഗ് എഴുതുന്നത്. പിന്നീട് മലാലയെ താലിബാൻ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മരണത്തെ അതിജീവിച്ച് മലാല തിരിച്ചുവന്നു.
2013 ജൂലൈ 12 മുതലാണ് ഐക്യരാഷ്ട്ര സംഘടന മലാല ദിനം ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ എല്ലാ കുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുളള ഐക്യരാഷ്ട്രസഭയുടെ പ്രചരണപരിപാടിയുടെ മുദ്രാവാക്യം 'ഞാൻ മലാല' എന്നാണ്. താലിബാനുകീഴിൽ സ്വാതിന്റെ അവസ്ഥയേയും മലാലയുടെ പ്രവർത്തനത്തേയും മുൻനിർത്തി 2013ൽ മലാലയ്ക്ക് പാക് സർക്കാരിന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരം ലഭിച്ചു. കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുളള 2014 ലെ നോബേൽ സമ്മാനവും 16 കാരിയായ മലാല നേടി. ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാനജേതാവ് എന്ന ബഹുമതിയും സ്വന്തമാക്കി. ടൈം മാഗസിന്റെ 100 മികച്ച വ്യക്തികളിൽ ഒരാളായി മലാല സ്ഥാനം പിടിച്ചു. 2014 ൽ കാനഡ മലാലയ്ക്കു വിശിഷ്ടപൗരത്വം നൽകി ആദരിച്ചു."