
ഐപിഎല്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി മലയാളി
കേരളത്തിലെ ക്രിക്കറ്റ് രംഗം അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ മാത്രം കേട്ടിട്ടുള്ള പേരായിരുന്നു വിഗ്നേഷ് പുത്തൂര്‍. എന്നാല്‍, ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ ഈ ചൈനാമാന്‍ ബൗളര്‍ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ക്രിക്കറ്റ് ആരാധകരുടേയും അധികൃതരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
വിഗ്നേഷിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടുവെങ്കിലും രോഹിത് ശര്‍മ്മയ്ക്ക് പകരം ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി വിഗ്നേഷ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്ക്വാദിന്റെ അടക്കം മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി. ചെന്നൈ ക്യാപ്റ്റനെ കൂടാതെ ശിവം ദുബൈയുടേയും ദീപക് ഹൂഡയുടേയും വിക്കറ്റുകള്‍ അദ്ദേഹം വീഴത്തി.
ചെന്നൈയിലെ എം എ ചിന്ദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈ 24 വയസ്സുകാരനായ ഇടംകൈയന്‍ സ്പിന്നര്‍ നാല് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ടീം പൂര്‍ണ നിയന്ത്രണം പുലര്‍ത്തുമ്പോഴാണ് ഈ മലപ്പുറംകാരന്‍ അപ്രതീക്ഷിത പ്രകടനം നടത്തിയത്.
കേരളത്തിന്റെ അണ്ടര്‍ 14, അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളിലൂടെ കളിച്ചു വളര്‍ന്ന വിഗ്നേഷിന്റെ കരിയറിലെ ആദ്യത്തെ വഴിത്തിരിവ് ആലപ്പുഴ റിപ്പിള്‍സിനുവേണ്ടി കളിച്ചതാണ്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പിള്‍സിനുവേണ്ടി കാഴ്ച്ചവച്ച മികച്ച പ്രകടനമാണ് വിഗ്നേഷിന്റെ മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടുമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പെരിന്തല്‍മണ്ണയില്‍ നിന്നുള്ള ഓട്ടോ ഡ്രൈവറുടെ മകനായ വിഗ്നേഷിനെ മുംബൈ 30 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്ക് ടീമിലെത്തിച്ചു. അതിനുമുമ്പായി മുംബൈ ഇന്ത്യന്‍സ് നടത്തിയ ട്രയല്‍സിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവര്‍ദ്ധനേ, ഐപിഎല്‍ സൂപ്പര്‍ സ്റ്റാര്‍ കീറണ്‍ പൊള്ളാര്‍ഡ്, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മുന്നിലാണ് ട്രയല്‍സില്‍ പന്തെറിഞ്ഞത്. ട്രയല്‍സിനുശേഷം പാണ്ഡ്യ നേരിട്ട് വിഗ്നേഷിനെ അഭിനന്ദിക്കുകയും ചെയ്തു. ഈ ട്രയല്‍സിനുശേഷമാണ് അദ്ദേഹത്തെ ഐപിഎല്‍ ലേലപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.