.jpeg)
കന്യാസ്ത്രീകളുടെ അറസ്റ്റ്: സിബിസിഐ സംഘം റായ്‌പൂരിൽ
ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളുടെ അറസ്റ്റിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ കാത്തോലിക്ക ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യയുടെ (സിബിസിഐ) സംഘം റായ്‌പൂരിൽ എത്തി. സിബിസിഐയുടെ നിയമ-വനിതാ-ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും, കന്യാസ്ത്രീകളും അടങ്ങുന്ന സംഘമാണ് എത്തിയത്.
സിബിസിഐ കന്യാസ്ത്രീകൾക്ക് വേണ്ടതുപോലെ ഇടപെടുന്നില്ല എന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സന്ദർശനം. മന്ത്രിയുടെ വിമർശനം സിബിസിഐ തള്ളി. കന്യാസ്ത്രീകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, എല്ലാ സഹായങ്ങളും നൽകുകയാണെന്നും സിബിസിഐ വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ വിമർശനത്തോട് പ്രതികരിക്കാൻ ഇല്ല. സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത് അതിരൂപതയാണ്. കോടതിയിൽ വലിയ പ്രതീക്ഷ ഉണ്ടെന്നും സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശാ പോൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ജോർജ് കുര്യൻ ഉയർത്തിയ വിമർശനത്തിന് മറുപടിയായി സിബിസിഐ പ്രസ്താവന ഇറക്കും. അദ്ദേഹം കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കണമായിരുന്നു എന്നാണ് സിബിസിഐ നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷൻ പരസ്യമായി പിന്തുണയ്ക്കുമ്പോഴും ന്യൂനപക്ഷകാര്യ മന്ത്രി വിമർശിച്ചത് ശരിയായില്ലെന്നും കേന്ദ്രമന്ത്രി ഒപ്പം നിൽക്കണമെന്നും സിബിസിഐ നേതൃത്വം ആവശ്യപ്പെടും.


