TMJ
searchnav-menu
post-thumbnail

TMJ Daily

റോബോട്ടിക് ഒളിംപിക്സിൽ യുഎഇക്ക് സ്വർണം നേടി കൊടുത്ത് മലയാളി സ്റ്റാർട്ടപ്

25 Nov 2025   |   1 min Read
TMJ News Desk

റോബോട്ടിക് ഒളിംപിക്സ് എന്നറിയപ്പെടുന്ന ‘ഫസ്റ്റ് ഗ്ലോബൽ ചാലഞ്ചി’ൽ യുഎഇക്ക്  സ്വർണം നേടിക്കൊടുത്ത് മലയാളി സ്റ്റാർട്ടപ്. യുഎഇ ടീമംഗങ്ങളിൽ മുഴുവനും ഇന്ത്യക്കാരായിരുന്നു. അതിൽ രണ്ട് മലയാളികളും ഉൾപ്പെടും. മലയാളി സ്റ്റാർട്ടപ്പായ യുണീക് വേൾഡ് റോബോട്ടിക്സാണു റോബോട്ടിക് ഒളിംപിക്സിൽ ദുബായിയുടെ നേട്ടത്തിന് പിന്നിൽ. 3 ദിവസങ്ങളിലായി പനാമയിൽ നടന്ന റോബോട്ടിക് ഒളിംപിക്സിൽ 193 രാജ്യങ്ങളിലെ ടീമുകളോട് മത്സരിച്ചാണ് ഇന്ത്യൻ വിദ്യാർഥികളടങ്ങിയ ദുബായ് ടീം സ്വർണം നേടിയത്. ടീമിന്റെ ഔദ്യോഗിക യുണീക് വേൾഡ് റോബോട്ടിക്സ് ആണ് പരിശീലന  റോൾ വഹിച്ചത്.

പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശിയായ ബൻസൻ തോമസ് ജോർജ് 2019ൽ എറണാകുളത്ത് ആരംഭിച്ച യുണീക് വേൾഡ് റോബോട്ടിക്സിന് ദുബായിലും ബ്രാഞ്ച് ഉണ്ട്. ഇവിടെ പരിശീലനം നേടിയ 8 വിദ്യാർഥികളാണ് യു.എ.ഇ ടീമിനായി മത്സരിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ വിവിധ രാജ്യങ്ങളിലേക്ക്  പ്രവർത്തനം വ്യാപിപ്പിച്ച് നേട്ടം കൊയ്യുന്നതിന്റെ ഉദാഹരണമാണ് യുണീക് വേൾഡിന്റെ നേട്ടം. തിരുവനന്തപുരം സ്വദേശികളായ ആദിത്യ ആനന്ദ്, ശ്രേയ ബിനോയ് നായർ എന്നിവരാണ് ടീമിലെ മലയാളികൾ. പരിശീലകരിലൊരാളായ മുഹമ്മദ് മുക്താറും മലയാളിയാണ്.

ഇന്റർനാഷനൽ ഫസ്റ്റ് കമ്മിറ്റി അസോസിയേഷൻ 2016 മുതൽ വർഷം തോറും സംഘടിപ്പിക്കുന്ന റോബോട്ടിക്സ് മത്സരമാണ് ഫസ്റ്റ് ഗ്ലോബൽ ചാലഞ്ച്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് അഥവാ സ്റ്റെം വിദ്യാഭ്യാസം വഴി ആഗോള വെല്ലുവിളികളെ നേരിടാൻ യുവത്വത്തിന്റെ ബുദ്ധിപരമായ കഴിവുകൾ സംയോജിപ്പിക്കുകയാണ് ലക്ഷ്യം. ഫെഡെക്സ് സ്ഥാപകൻ ഫ്രെഡ് സ്മിത്തിന്റെ പേരിലുള്ള ഫ്രെഡ് സ്മിത്ത് ഗ്ലോബൽ ഇന്നവേറ്റർ അവാർഡിനാണ്  യു.എ.ഇ ടീം അർഹരായത്.

ടീമിനെ വിജയത്തിലേക്ക് നയിച്ച പ്രോജക്റ്റ്, യുഎഇയുടെ ദേശീയ വൃക്ഷമായ ഗാഫ് മരത്തിൻ്റെ സംരക്ഷണത്തിന് വേണ്ടിയുള്ളതായിരുന്നു. "ഗാഫ് മരം പോലെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും  ജീവിവർഗ്ഗങ്ങളെയും സംരക്ഷിക്കാൻ രൂപകൽപന ചെയ്ത ഒരു ബയോപ്രിസർവേഷൻ സിസ്റ്റം (സ്റ്റാഷ്)" ആണ് യുഎഇ ടീം അവതരിപ്പിച്ചത്.

വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ സംരംക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് 'സ്‌റ്റാഷ്' എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട്.


#Daily
Leave a comment