വോട്ട് ചെയ്യാൻ മലയാളികൾക്ക് 3 ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകണം: ഡി കെ ശിവകുമാർ
കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് ചെയ്യാൻ മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെട്ട് കർണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ഡി കെ ശിവകുമാർ. ബാംഗ്ലൂരിലും കർണാടകയിലെ മറ്റ് സ്ഥലങ്ങളിലും ഒരുപാട് മലയാളികൾ ഉണ്ടെന്നും, അവർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുവാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടെയായ ഡി കെ ശിവകുമാർ പറഞ്ഞു.
കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കോൺട്രാക്ടർമാർ, ബിൽഡർമാർ, നിർമാണ സ്ഥാപനങ്ങൾ, കടയുടമകൾ, മറ്റ് ബിസിനസ് നടത്തുന്നവർ എന്നിവർ കേരളത്തിലെ വോട്ടർമാർക്ക് കുറഞ്ഞത് മൂന്ന് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി നൽകാൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു. ഇതിലൂടെ വോട്ടർമാർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനും, സാമ്പത്തിക നഷ്ടത്തെ കുറിച്ച് ആശങ്കപ്പെടാതെ വോട്ട് ചെയ്യാനും സൗകര്യമൊരുക്കുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.


