TMJ
searchnav-menu
post-thumbnail

TMJ Daily

മാലേഗാവ് സ്‌ഫോടനം: എന്‍ഐഎ ജഡ്ജി എ കെ ലഹോട്ടിയെ സ്ഥലം മാറ്റി

06 Apr 2025   |   1 min Read
TMJ News Desk

2008ലെ മാലേഗാവ് ബോംബ് സ്‌ഫോടന കേസ് വാദം കേള്‍ക്കുന്ന എന്‍ഐഎ പ്രത്യേക ജഡ്ജി ജസ്റ്റിസ് എ കെ ലഹോട്ടിയെ സ്ഥലം മാറ്റി. മുംബൈ ഹൈക്കോടതിയിലൂടെ പൊതുസ്ഥലം മാറ്റപട്ടികയില്‍ ലഹോട്ടിയുടെ പേരും ഉള്‍പ്പെടുത്തി.

അദ്ദേഹത്തെ സ്ഥലം മാറ്റരുതെന്ന് സ്‌ഫോടന കേസിലെ ഇരകളുടെ കുടുംബങ്ങളുടെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.

അദ്ദേഹത്തെ നാസിക്കിലേക്കാണ് സ്ഥലം മാറ്റിയത്. 200ല്‍ അധികം ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. വേനല്‍ക്കാല അവധി കഴിഞ്ഞ് കോടതികള്‍ തുറക്കുന്ന ജൂണ്‍ 9ന് ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കും.

മാലേഗാവ് സ്‌ഫോടന കേസിലെ വാദം പൂര്‍ത്തിയാകാറായിയെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് അലോക് അരാധെയോട് ലഹോട്ടിയെ സ്ഥലം മാറ്റരുതെന്ന് അഭ്യര്‍ത്ഥിച്ചത്. ഈ കേസില്‍ വാദം കേള്‍ക്കുന്ന അഞ്ചാമത്തെ ജഡ്ജിയാണ് ലഹോട്ടി.

2008 സെപ്തംബര്‍ 29നാണ് സ്‌ഫോടനം നടന്നത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ നടത്തിയെന്ന് ആരോപിക്കുന്ന സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭോപാലില്‍ നിന്നുള്ള മുന്‍ ബിജെപി എംപിയായ സാധ്വി പ്രഗ്യാസിങ് താക്കൂര്‍, മുന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, സ്വയം പ്രഖ്യാപിത ശങ്കരാചാര്യരായ സുധാകര്‍ ധര്‍ ദ്വിവേദി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.


 

#Daily
Leave a comment