
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ മെമ്മോ
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ സസ്‌പെന്‍ഷനിലായ വ്യവസായ വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നല്‍കി. സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു, അനൈക്യം സൃഷ്ടിക്കാന്‍ ശ്രമിച്ചു, തുടങ്ങിയ കാര്യങ്ങളാണ് മെമ്മോയിൽ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞമാസം 30ന് Mallu Hindu Off എന്ന പേരില്‍ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി, കെ.ഗോപാലകൃഷ്ണന്‍ അഡ്മിനായി ഗ്രൂപ്പ് രൂപപ്പെട്ടത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും Mallu Muslim Off എന്ന പേരില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കിയതായും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയതായും കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അംഗങ്ങളായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചെന്നാണ് വിവരം. അതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റായി.
തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്നാരോപിച്ച് ഗോപാലകൃഷ്ണൻ പൊലീസിൽ പരാതി നൽകി. എന്നാൽ, ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ലെന്നാണ് മെറ്റ അറിയിച്ചത്. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നും മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കി. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചിരുന്നു.


