
പോഷാകാഹാരക്കുറവ്,സെപ്സിസ് രോഗം:സുഡാനിൽ മാതൃ,ശിശു മരണ നിരക്ക് കൂടുന്നു.
സുഡാനിലെ ദക്ഷിണ ഡാർഫറിലെ അമ്മമാരും കുട്ടികളും ലോകത്തിലെ ഏറ്റവും മോശമായ ആരോഗ്യാവസ്ഥയാണ് അനുഭവിക്കുന്നത് എന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് ( MSF ) എന്ന ആരോഗ്യപ്രവർത്തകരുടെ സംഘടന വെളിപ്പെടുത്തുന്നു. 2024 ജനുവരി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള കാലയളവിൽ 114 മാതൃമരണങ്ങൾ നടന്നതായി MSF അതിൻ്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
മരണത്തിനു കാരണം സെപ്സിസ് ആണ്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ എംഎസ്എഫിന്റെ പിന്തുണയുള്ള രണ്ട് മെഡിക്കൽ സേവന കേന്ദ്രങ്ങളിലായി സെപ്സിസ് ബാധിച്ച് 48 നവജാത ശിശുക്കൾ മരിച്ചതായി സംഘടന അറിയിച്ചു. 50% മാതൃമരണങ്ങളും റിപ്പോർട്ട് ചെയ്തു.
ജനുവരി മുതൽ ഓഗസ്‌റ്റ് വരെ എംഎസ്എഫ് റിപ്പോർട്ട് ചെയ്‌ത മാതൃമരണങ്ങൾ നൈല ടീച്ചിങ് ഹോസ്പിറ്റലിലും കാസ് റൂറൽ ഹോസ്പിറ്റലിലുമായിരുന്നു. സ്‌ത്രീകളുടെ സ്ഥിതി വളരെ മോശമായിരുന്നു. 78% മാതൃമരണങ്ങളും സംഭവിച്ചത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിലാണ്. ഉയർന്ന ഗതാഗതച്ചെലവും മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗികളുടെ അവസ്ഥ ഗുരുതരമായിരിക്കുമെന്ന് എംഎസ്എഫ് പറഞ്ഞു.
അണുബാധ തടയാൻ ആവശ്യമായ മെഡിക്കൽ സൗകര്യ കുറവ് കാരണം അണുവിമുക്തമല്ലാത്ത ചുറ്റുപാടുകളിൽ പ്രസവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നതാണ് മരണ നിരക്ക് കൂടാനുള്ള സാഹചര്യം. നിരവധി നവജാത ശിശുക്കളും ഗർഭിണികളും അമ്മമാരുമാണ് ഇങ്ങനെ മരിക്കുന്നത്.
ഒരു ഗ്രാമീണ മേഖലയിൽ നിന്നുള്ള ഗർഭിണി പരിചരണത്തിന് ആവശ്യമായ പണം ശേഖരിക്കാൻ രണ്ട് ദിവസം കാത്തിരുന്നു, അവർ ആരോഗ്യ കേന്ദ്രത്തിലെത്തിയെങ്കിലും അവിടെ മരുന്നുകളൊന്നും ഇല്ലായിരുന്നു, അതിനാൽ വീട്ടിലേക്ക് മടങ്ങി. മൂന്ന് ദിവസത്തിന് ശേഷം അവരുടെ അവസ്ഥ വഷളായി, ഗതാഗതത്തിനായി വീണ്ടും അഞ്ച് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ഞങ്ങളെത്തുമ്പോഴേക്കും അവർ കോമയിലായിരുന്നു. തടയാവുന്ന ഒരു അണുബാധ മൂലമാണ് ആ സ്ത്രീ മരിച്ചതെന്ന് സൗത്ത് ഡാർഫറിലെ MSF മെഡിക്കൽ ടീം ലീഡർ മരിയ ഫിക്സ് പറഞ്ഞു.
എൻ്റെ കരിയറിൽ ഞാൻ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി പ്രതിസന്ധിയാണിത്. യു എന്നിൽ നിന്നും മറ്റുള്ളവരിൽ നിന്നും അന്താരാഷ്ട്ര പ്രതികരണമില്ലാതെ ഒരുപാട് ആരോഗ്യ അപകടങ്ങൾ ഒരേസമയം സംഭവിക്കുന്നു എന്ന് സൗത്തിലെ നൈലയിലെ എം എസ് എഫ് ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ പ്രവർത്തന മാനേജർ ഡോ.ഗില്ലിയൻ ബർഖാർഡ് പറഞ്ഞു.
സുഡാനിൽ നടക്കുന്ന സംഘർഷത്തിന്റെ ഫലമായി സുഡാനിൽ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവും കൂടുകയാണ്. നിലവിലുള്ള വൈദ്യ സഹായ സംവിധാനത്തേക്കാൾ വളരെ കൂടുതൽ സഹായം ആവശ്യമാണെന്ന് എം എസ് എഫ് സംഘം പറഞ്ഞു. ഡാർഫറിൽ സെപ്സിസ് പോലെ പോഷകാഹാരക്കുറവ് കാരണം മരണപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ഓഗസ്റ്റിൽ രണ്ട് വയസ്സിന് താഴെയുള്ള 30,000 കുട്ടികളെയാണ് പോഷകാഹാരക്കുറവിനായി പരിശോധിച്ചത്.അതിൽ 33 ശതമാനം കുട്ടികളും കടുത്ത പോഷകാഹാരക്കുറവുള്ളവരാണ്. 8.1% പേർക്കും കടുത്തതും ഗുരുതരവുമായ പോഷകാഹാരകുറവുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
സുഡാനിൽ ഏകദേശം 2000 മുതൽ തുടരുന്ന കലാപം കാരണം ഭക്ഷണവും, ആരോഗ്യ പരിരക്ഷയുമില്ലാതെ രാജ്യം അരക്ഷിതാവസ്ഥയിൽ നിൽക്കുകയാണ്.