Photo: PTI
കോൺഗ്രസ് ഇതര സഖ്യത്തിനൊരുങ്ങി മമതയും അഖിലേഷും; ലക്ഷ്യം 2024 ഇലക്ഷൻ
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണിയുണ്ടാക്കാൻ തൃണമൂൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ധാരണയിലെത്തി. കോൺഗ്രസിനും ബിജെപിക്കും ബദലായുള്ള മുന്നണി രൂപീകരണത്തിനുള്ള ശ്രമങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ആദ്യപടിയെന്നോണം, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വെള്ളിയാഴ്ച കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. ഇതിനെത്തുടർന്നായിരുന്നു ഇരു മുന്നണികളും തീരുമാനത്തിലെത്തിയത്.
മുന്നണി വിപുലീകരണത്തിനായി മമതാ ബാനർജി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികുമായും ചർച്ചകൾ നടത്തും. ഇതിലൂടെ ബിജു ജനതാദളിനെക്കൂടി സഖ്യത്തിലേയ്ക്ക് കൊണ്ടുവരാനാണ് ശ്രമം. മാർച്ച് 23ന് കൂടിക്കാഴ്ച നടത്തുന്നതിനും ധാരണയായിട്ടുണ്ട്. നിലവിൽ ബിജെപി രാഹുൽഗാന്ധിയെ പ്രതിപക്ഷ മുന്നണിയുടെ മുഖ്യ നേതാവായി ചിത്രീകരിക്കുന്നതിൽ മറ്റ് പാർട്ടികൾ പ്രതിഷേധത്തിലാണ്. ഈ നീക്കത്തെ തടയിടുന്നതിനാണ് മമതയുടെയും അഖിലേഷിന്റെയും നേതൃത്വത്തിലുള്ള മറ്റ് പാർട്ടികളുടെ ശ്രമം. ''രാഹുൽ ഗാന്ധിയുടെ വിദേശത്തെ വിവാദമായ പ്രസംഗത്തിൽ പ്രതിഷേധിച്ച് ബിജെപി പാർലമെന്റിൽ പ്രതിഷേധിക്കുകയാണ്. ഇതിലൂടെ പ്രതിപക്ഷത്തിന്റെ നേതാവായി രാഹുൽ ഗാന്ധിയെ ബിജെപി ചിത്രീകരിക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. 2024 ലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ അംഗീകരിക്കാനാവില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി സുദീപ് ബന്ദോപാധ്യായ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ പ്രധാനിയായി കോൺഗ്രസിന് നിലനിൽപ്പില്ല. ഒരു പാർട്ടിയുടെ മാത്രം തീരുമാനത്തിൽ യോജിച്ച് നിൽക്കാൻ സാധിക്കില്ലെന്നും എല്ലാ പാർട്ടികൾക്കും തുല്യസ്ഥാനം നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.