
PHOTO: FACEBOOK
തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിക്കുമെന്ന് മമത, ലക്ഷ്യം പുതിയ സഖ്യം
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സഖ്യം രൂപികരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു. നാദിയ ജില്ലയിലെ ഒരു പൊതു പരിപാടിയിലാണ് മമത ഇക്കാര്യം അറിയിച്ചത്.
ബിജെപിയെ തോല്‍പ്പിക്കുമെന്ന് മമത
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്നും ബംഗാളില്‍ ഒറ്റയ്ക്ക് പോരാടി വിജയിക്കുമെന്നും മമത ബാനര്‍ജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സഹകരിക്കുന്നുവെന്ന് ആരോപിച്ച മമത കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചയിലെ പരാജയം എടുത്തുകാണിക്കുകയും ഇടതുപക്ഷത്തിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും ചൂണ്ടികാട്ടി. തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ഡല്‍ഹിയില്‍ വിജയിക്കുമെന്ന് വാക്ക് നല്‍കുന്നുവെന്നും നയങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.