
ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ആരാഞ്ഞ വ്യക്തി അറസ്റ്റില്‍
കൊച്ചിയില്‍ നാവികസേനയുടെ ആസ്ഥാനത്ത് ഫോണ്‍ വിളിച്ച് ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ വിവരം അന്വേഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ മുജീബ് റഹ്‌മാനെയാണ് കൊച്ചി ഹാര്‍ബര്‍ പൊലീസ് പിടികൂടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞാണ് ഇയാള്‍ വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെ നാവിക ആസ്ഥാനത്തേക്ക് ഫോണ്‍ ചെയ്തത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരുന്നപ്പോഴാണ് നാവിക സേനാ ആസ്ഥാനത്തിലേക്ക് ഫോണ്‍ വിളിയെത്തിയത്.
രാഘവ് എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. ഐഎന്‍എസ് വിക്രാന്ത് കൊച്ചിയിലുണ്ടോ ഇല്ലെങ്കില്‍ നിലവിലെ ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ ഫോണെടുത്ത ഉദ്യോഗസ്ഥനോട് ചോദിച്ചത്.
ഫോണ്‍ വിളിയില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, ഔദ്യോഗിക രഹസ്യ നിയമം എന്നിവ പ്രകാരം കേസെടുത്തു.


