TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

മണിപ്പൂർ കലാപം; 37,450 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

03 Jun 2023   |   5 min Read
TMJ News Desk

ണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് 37,450 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്ന് സർക്കാർ. കലാപത്തിൽ ഇതുവരെ 98 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 310 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സർക്കാർ കണക്കുകൾ. 272 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ആളുകളെ പാർപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 4,014 തീവെപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാന പൊലീസ് 3,734 കേസുകൾ രജിസ്റ്റർ ചെയ്യുകയും 65 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവിധ സെക്യൂരിറ്റി ഏജൻസികളെ വിന്യസിപ്പിച്ചുകൊണ്ട് നടത്തുന്ന സുരക്ഷാ പ്രവർത്തനം കാര്യക്ഷമമാണ്. അതുകൊണ്ട് തന്നെ അക്രമികൾ വീടുകൾക്ക് നേരെ വെടിയുതിർക്കുന്നതും തീയിട്ട് നശിപ്പിക്കുന്നതും തടയാൻ സാധിച്ചിട്ടുണ്ട് എന്നാണ് സർക്കാർ പറയുന്നത്. വ്യാപകമായി സംഘർഷങ്ങൾ നടക്കുന്ന മേഖലകളിൽ ആർമി, അസം റൈഫിൾസ്, സിഎപിഎഫ്, ലോക്കൽ പൊലീസ് എന്നിവരെ വിന്യസിപ്പിച്ചിട്ടുണ്ട്. തട്ടിയെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും വിട്ടുകൊടുക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കാനുള്ള തിരച്ചിൽ സൈന്യം  തുടങ്ങി. വിവിധ സ്ഥലങ്ങളിൽ നിന്നായി ആളുകൾ 140 ഓളം ആയുധങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. 

സംഘർഷം പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഗ്രാമത്തലവന്മാരുമായും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും ചർച്ചകൾ നടക്കുന്നുണ്ട്. മിക്ക ജില്ലകളിലും സ്ഥിതി സാധാരണമാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. വെസ്റ്റ് ഇംഫാൽ, ഈസ്റ്റ് ഇംഫാൽ, ബിഷ്ണുപൂർ, ഫെർസാൾ എന്നിവിടങ്ങളിൽ 12 മണിക്കൂറും കാങ് പോക്പിയിൽ 11 മണിക്കൂറും ചുരാചന്ദ്പൂർ, ചന്ദേൽ എന്നിവിടങ്ങളിൽ എട്ട് മണിക്കൂറും തൗബൽ, കച്ചിങ് ജില്ലകളിൽ ഏഴ് മണിക്കൂറും വെള്ളിയാഴ്ച കർഫ്യു ഇളവ് നൽകിയിരുന്നു. NH-37 വഴി അവശ്യ വസ്തുക്കളുടെ നീക്കം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു. സംഭവത്തിൽ അമിത് ഷാ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അമിത് ഷാ പറഞ്ഞു.

പലായനം ചെയ്ത് വിദ്യാർത്ഥികൾ

മണിപ്പൂരിൽ വർഗീയ സംഘർഷം കാരണം ഏകദേശം 4,747 സ്‌കൂൾ വിദ്യാർത്ഥികളാണ് പലായനം ചെയ്തത്. നാടുവിട്ട വിദ്യാർത്ഥികൾ സംസ്ഥാനത്തുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ടെന്നാണ് മണിപ്പൂർ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ബിഷ്ണുപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പലായനം ചെയ്തത്. 2,217 വിദ്യാർത്ഥികളെ മാറ്റിപ്പാർപ്പിച്ചു കാങ് പോക്പി (932), ഇംഫാൽ വെസ്റ്റ് ജില്ല (648) എന്നിങ്ങനെയാണ് കണക്കുകൾ, ദുരിതബാധിതരായ വിദ്യാർഥികളുടെ ക്ഷേമത്തിനായി വകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കുടിയിറക്കപ്പെട്ട വിദ്യാർത്ഥികളുടെ പഠനനഷ്ടം നികത്തുന്നതിന് കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് വകുപ്പ് സന്നദ്ധ അധ്യാപകരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിയോഗിക്കും. കുടിയിറക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ഇല്ലാത്തതിനാൽ വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച ശേഷം സർക്കാർ പുസ്തകങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുടിയിറക്കപ്പെട്ട വിദ്യാർത്ഥികളെ സീറ്റ് ലഭ്യമാണെങ്കിൽ അവർക്ക് ഇഷ്ടമുള്ള സ്‌കൂളുകളിലേക്ക് മാറാൻ അനുവദിക്കും, തിരഞ്ഞെടുത്ത സ്‌കൂളിൽ സീറ്റ് ലഭ്യമല്ലെങ്കിൽ അടുത്തുള്ള മറ്റ് സ്‌കൂളുകളിൽ ക്രമീകരണം ഏർപ്പെടുത്തും, ദൂരെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിദൂര പഠനത്തിനായി ടാബ്ലെറ്റുകൾ പോലുള്ള ഗാഡ്ജറ്റുകൾ നൽകും. ഉപരിപഠനത്തിനായി കുടിയിറക്കപ്പെട്ട വിദ്യാർത്ഥികളുടെ സമാന വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും അത് ഉടൻ ലഭ്യമാക്കുമെന്നും ബശാന്ത സിങ് അറിയിച്ചു. 

സ്വയം ഭരണാവകാശത്തിനായി കുക്കി വിഭാഗം

സംസ്ഥാനത്തെ കുക്കി- സോമി വിഭാഗങ്ങൾ സ്വയം ഭരണാവകാശം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചതിനെത്തുടർന്നാണ് സംഘർഷങ്ങൾ വീണ്ടും ശക്തമായത്. പ്രത്യേക ഭരണവും രാഷ്ട്രീയ പദവിയുമാണ് നിലവിൽ ഇവരുടെ ആവശ്യം. കുക്കി-സോമി ഗോത്രങ്ങളും മെയ്‌തേയ് വിഭാഗവും തമ്മിൽ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാവുന്നതിന് മുമ്പ് സമാധാന ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പിന്നീടുണ്ടായ സംഘർഷങ്ങളാണ് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. കുക്കികളുമായി ഒരു ഒത്തുതീർപ്പിൽ എത്താൻ സാധിക്കും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അവർ പ്രത്യേക ഭരണമാണ്, പ്രത്യേക സംസ്ഥാനമല്ല ആവശ്യപ്പെടുന്നതെന്നും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ അവർ സർക്കാരുമായി സഹകരിക്കും എന്നും സർക്കാർ വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.

സമുദായ സംഘർഷത്തിൽ മണിപ്പൂർ

30 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂർ. അവിടെ ഒരു മാസമായി തുടരുന്ന കലാപം വടക്കു-കിഴക്കൻ മേഖലയിലാകെ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമാണ്. ഇംഫാൽ താഴ്വാരവും അതിന് ചുറ്റിലുമുള്ള കുന്നിൻപുറങ്ങളും ചേർന്നതാണ് മണിപ്പൂരിന്റെ ഭൂമിശാസ്ത്രം. ജനങ്ങളുടെ ആവാസവ്യവസ്ഥയിലും ഈ സവിശേഷത കാണാം. താഴ്വരയിൽ പ്രധാനമായും മെയ്തി വംശജരും കുന്നിൻപുറങ്ങളിൽ മലയോര നിവാസികളായ ഗോത്ര വർഗങ്ങളും എന്നതാണ് മണിപ്പൂരിന്റെ ആവാസവ്യവസ്ഥ. വൈഷ്ണവ വിശ്വാസികളായ മെയ്തികളാണ് മണിപ്പൂരിലെ ഭൂരിപക്ഷം. നാഗ, കുക്കി തുടങ്ങിയ മലയോര ഗോത്ര വിഭാഗങ്ങളാണ് മറ്റുള്ള പ്രബല വിഭാഗം.

മെയ്തികളും മലയോര ഗോത്ര വിഭാഗക്കാരും തമ്മിലുള്ള സംഘർഷമാണ് കലാപത്തിന്റെ അടിസ്ഥാനം. മെയ്തി വിഭാഗക്കാരെ പട്ടികവർഗ്ഗമായി പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനമാണ് കലാപത്തിന്റെ അടിയന്തിര പ്രകോപനം. മെയ്തികളെ പട്ടിക വർഗമായി പ്രഖ്യാപിക്കുന്നതോടെ ഇപ്പോൾ പട്ടികവർഗ പദവിയുള്ള ഗോത്രവിഭാഗങ്ങളുടെ അവസരം ഇല്ലാതാവുമെന്ന ആശങ്കകളാണ് മലയോര ഗോത്രവിഭാഗങ്ങളെ പ്രക്ഷോഭത്തിന്റെ പാതയിൽ എത്തിച്ചത്. വംശീയവും, ഭൂമിശാസ്ത്രപരവുമായ സവിശേഷതകളോടൊപ്പം മതപരമായ വ്യത്യാസങ്ങളും ചേർന്നതോടെ ഇപ്പോഴത്തെ കലാപങ്ങൾ രൂക്ഷമായി. 30 ലക്ഷം വരുന്ന ജനസംഖ്യയിൽ 41 ശതമാനം വീതം ഹിന്ദുക്കളും, ക്രിസ്ത്യാനികളും 8.4 ശതമാനം മുസ്ലീങ്ങളും കഴിഞ്ഞാൽ ബാക്കി സിഖുകാരും, ബുദ്ധ-ജൈന മതക്കാരുമാണ്.  

വടക്കു-കിഴക്കൻ മേഖലയിലെ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതിരുന്ന ബിജെപി തങ്ങളുടെ സാന്നിധ്യം അവിടെ ശക്തമാക്കിയതാണ് മതപരമായ ധ്രുവീകരണത്തെ ഇന്നത്തെ നിലയിൽ എത്തിച്ചതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. മണിപ്പൂരിലടക്കം വടക്കു-കിഴക്കൻ മേഖലയിൽ കാലങ്ങളായി സ്വന്തം സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ള വാദം ശക്തമാണ്. എന്നാൽ ഈ സമരങ്ങളെ തകർക്കുന്നതിനായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന ഭിന്നിപ്പിച്ചുള്ള ഭരണമാണ് ഇപ്പോഴത്തെ കലാപങ്ങൾക്ക് തുടക്കമിട്ടതെന്ന് വിലയിരുത്തുന്നവരും കുറവല്ല.  

മണിപ്പൂരിലെ പുരാതന ജനവിഭാഗമെന്ന് അവകാശപ്പെടുന്ന മെയ്തികൾ ഇംഫാലിനോടുചേർന്ന താഴ്വരകളിലാണ് താമസിക്കുന്നത്. ഗോത്രസംവരണത്തിനു വേണ്ടിയുള്ള മെയ്തികളുടെ ആവശ്യത്തിന് ഒരു ദശാബ്ദം പഴക്കമുണ്ട്. മ്യാൻമാറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റത്തിന്റെ ഫലമായി തങ്ങളുടെ അസ്തിത്വം നിലനിർത്താൻ ഗോത്ര വിഭാഗങ്ങൾക്ക് ഉള്ളതുപോലെ പ്രത്യേക പരിരക്ഷ വേണമെന്നുമാണ് മെയ്തികളുടെ ആവശ്യം. 1949 സെപ്റ്റംബർ 21-ന്  മണിപ്പൂർ നാട്ടുരാജ്യവും ഇന്ത്യൻ യൂണിയനുമായി ലയന കരാറിൽ ഒപ്പുവെച്ചപ്പോൾ മെയ്തി വിഭാഗത്തിന് ആദിവാസി പദവി ഉണ്ടായിരുന്നെന്നും അതിനാൽ അവരെ എസ്ടി പട്ടികയിൽ ഉൾപ്പെടുത്തി പുനഃസ്ഥാപിക്കണമെന്നുമാണ് വാദം.

മെയ്തികളുടെ നീക്കത്തിനെതിരെ മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങൾ വൻ പ്രതിഷേധമുയർത്തി. ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ നടത്തിയ റാലിയിൽ സംഘർഷമുണ്ടായി. തുടർന്ന് മലനിരകളിൽ നിന്ന് ഗോത്രവിഭാഗക്കാർ താഴ്വരകളിലേക്ക് സമരത്തിനെത്തി. ഗ്രാമങ്ങളിൽ കുടിലുകൾ അഗ്‌നിക്കിരയാക്കി. അക്രമം വ്യാപകമായി. എങ്ങും ഭീതിയും അശാന്തിയും പരന്നു. ഇന്റർനെറ്റ് സേവനം നിർത്തലാക്കിയും കർഫ്യു പ്രഖ്യാപിച്ചും അക്രമങ്ങൾ  അവസാനിപ്പിക്കാനുളള ശ്രമങ്ങളിലാണ്. ഒടുവിൽ സൈന്യമിറങ്ങിയിട്ടും ഭീതിയൊഴിയുന്നില്ലെന്നാണ് മണിപ്പൂരിലെ ജനങ്ങൾ പറയുന്നത്.

ആവശ്യങ്ങൾ പരിഗണിച്ച കോടതി മെയ്തികളെ ഗോത്രവിഭാഗത്തിലുൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇക്കാര്യം പരിഗണിക്കാൻ കേന്ദ്രസർക്കാരിനോടും ശുപാർശ ചെയ്തു. ഇപ്പോൾ ഒബിസി വിഭാഗത്തിലുളള മെയ്തികളാണ് മണിപ്പൂർ നിയമസഭയിലും ഭൂരിപക്ഷം. മെയ്തികളിൽ തന്നെ ഭൂരിപക്ഷം ഹിന്ദുക്കളും ശേഷിക്കുന്ന എട്ട് ശതമാനം മുസ്ലീങ്ങളുമാണ്. കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചു. രജിസ്ട്രാർ ജനറൽ ഇത് അംഗീകരിച്ചാൽ ഫയൽ ദേശീയ പട്ടികവർഗ കമ്മീഷനിലെത്തും. അവരും അംഗീകരിച്ചാൽ പട്ടികവർഗ മന്ത്രാലയത്തിലേയ്ക്ക് പോകും. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്യുമ്പോഴാണ് ഗോത്രപദവി ഔദ്യോഗികമാവുക.

മണിപ്പൂരിൽ 34 അംഗീകൃത ഗോത്രങ്ങളുണ്ട്. നാഗ ഗോത്രത്തിൽ 24 ശതമാനവും കുക്കി/സോമി ഗോത്രങ്ങളിലായി  16% ജനങ്ങളുമാണുള്ളത്. ഭൂരിപക്ഷ സമുദായമാണെങ്കിലും മെയ്തി വിഭാഗം പ്രധാനമായും താഴ്വര പ്രദേശത്താണ് താമസിക്കുന്നത്. ഇത് സംസ്ഥാനത്തെ മൊത്തം ഭൂവിസ്തൃതിയുടെ 10% വരും. മറുവശത്ത് ജനസംഖ്യയുടെ ഏകദേശം 40% വരുന്ന നാഗ, കുക്കി എന്നീ ഗോത്രവർഗക്കാർ ഉൾപ്പെടുന്നു. മണിപ്പൂരിന്റെ 90% പ്രദേശവും വരുന്ന മലയോര ജില്ലകളിലാണ് ഈ വിഭാഗങ്ങളുടെ താമസം. മണിപ്പൂരിലെ ആകെയുള്ള 60 അസംബ്ലി സീറ്റുകളിൽ 40 എണ്ണവും ഇംഫാൽ താഴ്വര മേഖലയിൽ നിന്നുള്ളതാണ്. ഭൂരിപക്ഷ സമുദായം എന്നതിനുപുറമെ സംസ്ഥാന അസംബ്ലിയിലും മെയ്തികൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്.

ഭരണ നവീകരണ നിയമം

1947 ൽ സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് മണിപ്പൂർ രാജാവ് ഇംഫാൽ താഴ്വരയുടെയും മലയോര ജില്ലകളുടെയും ഭരണ നവീകരണത്തിനായി രണ്ട് നിയമങ്ങൾ പ്രഖ്യാപിച്ചു. ഒന്ന് താഴ്വരയിലെ ജനങ്ങൾക്കായുള്ള മണിപ്പൂർ സംസ്ഥാന ഭരണഘടനാ നിയമവും മറ്റൊന്ന് മലനിരകളിൽ താമസിക്കുന്നവർക്കായുള്ള മണിപ്പൂർ സ്റ്റേറ്റ് ഹിൽ അഡ്മിനിസ്ട്രേഷൻ റെഗുലേഷനും. പിന്നീട് മണിപ്പൂർ ഇന്ത്യൻ യൂണിയനിൽ ചേർന്നതിനു ശേഷവും ഇരു പ്രദേശങ്ങളിലെയും ഭരണ വ്യത്യാസം നിലനിന്നു പോന്നു.

മണിപ്പൂർ കേന്ദ്രഭരണ പ്രദേശമായിരുന്നപ്പോൾ മലയോരമേഖല സ്റ്റാൻഡിംഗ് കമ്മിറ്റി എന്നറിയപ്പെട്ടിരുന്ന സർക്കാർ നിയന്ത്രണസംവിധാനത്തിലായിരുന്നു. സമതലങ്ങളിൽ താമസിക്കുന്നവർക്ക് മലയോര മേഖലയിൽ ഭൂമി വാങ്ങാൻ കഴിയില്ലെന്ന് രണ്ട് നിയമസംവിധാനങ്ങളും ഉറപ്പ് നൽകി. മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിനുശേഷം, ഹിൽ ഏരിയാ കമ്മിറ്റി എന്ന് പുനർനാമകരണം ചെയ്തുകൊണ്ട്  മലയോരങ്ങളിൽ താമസിക്കുന്ന ഗോത്രവർഗക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെടുത്തി. നിലവിൽ  തിരഞ്ഞെടുക്കപ്പെട്ട ഹിൽ ഏരിയാ കമ്മിറ്റിക്ക് സ്വയംഭരണാവകാശമാണുള്ളത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 371 സി യിലെയും മറ്റ് വിജ്ഞാപനങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ച് നിലവിൽ മെയ്തികൾക്ക് മലയോര മേഖലയിൽ ഭൂമി വാങ്ങാൻ കഴിയില്ല. എന്നാൽ അടുത്ത കാലത്തായി സംസ്ഥാന സർക്കാർ സംരക്ഷിത വനങ്ങളിൽ നടത്തിയ ഭൂമി സർവെയെച്ചൊല്ലി ചില മലയോര മേഖലകളിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്. ചുരാചന്ദ്പൂർ, നോനി, ബിഷ്ണുപൂർ എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 490 ചതുരശ്ര കിലോമീറ്റർ സംരക്ഷിത വനമേഖലയിൽ സംസ്ഥാന സർക്കാർ അപ്രതീക്ഷിത സർവെ നടത്തുകയുണ്ടായി. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അഭിപ്രായം സ്വീകരിക്കാതെയായിരുന്നു സർക്കാർ നടപടി. സർവെ, സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിലൂടെ പ്രദേശത്തെ ഗോത്രവിഭാഗങ്ങളെ ഒഴിപ്പിക്കാൻ ഉദ്ദേശമുണ്ടെന്നും ആരോപണമുണ്ട്. നൂറുകണക്കിനു വർഷങ്ങളായി തങ്ങൾ താമസിക്കുന്ന വനമേഖലയിൽ നിന്ന് ഗോത്രവിഭാഗത്തെ തുരത്താനുള്ള പദ്ധതിയാണ് സർക്കാരും മെയ്തി വിഭാഗവും ചേർന്ന് നടപ്പിലാക്കുന്നതെന്നും അവർ ആരോപിക്കുന്നു. സംരക്ഷിത വനമേഖലകളിൽ നിന്നും ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ സർവെയെക്കുറിച്ച് തങ്ങളുടെ ആശങ്കകൾ  സമർപ്പിച്ചിട്ടും സർക്കാർ ഒരു പരിഗണനയും നൽകിയിട്ടില്ലെന്ന് ഗോത്ര വിഭാഗം പ്രതിനിധികൾ ആരോപിച്ചു. ഈ പ്രശ്‌നങ്ങൾക്ക് പിന്നാലെയാണ് മെയ്തികൾക്ക് പട്ടികവർഗ വിഭാഗ പരിഗണന നൽകുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്.
മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തിയും, ഭൂരിപക്ഷ സമുദായത്തിന് എസ്ടി പദവി നൽകാൻ തീരുമാനം എടുത്തും ക്രിസ്ത്യൻ ഭൂരിഭാഗമുള്ള ഗോത്രവർഗ വിഭാഗങ്ങളെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സമ്മർദത്തിലാക്കുന്നതിന്റെ പ്രതിഫലനങ്ങൾ ഇപ്പോഴത്തെ കലാപങ്ങളിൽ കാണാനാവും.


#Daily
Leave a comment