TMJ
searchnav-menu
post-thumbnail

എൻ ബിരേൻ സിംഗ് | PHOTO: PTI

TMJ Daily

സുരക്ഷ ഉറപ്പാക്കാൻ മിസോറം മുഖ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ട് മണിപ്പൂർ മുഖ്യമന്ത്രി

19 Jun 2023   |   2 min Read
TMJ News Desk

ണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അയൽ സംസ്ഥാനമായ മിസോറാം മുഖ്യമന്ത്രിയോട് സഹായം ആവശ്യപ്പെട്ടു. മിസോറാമിലെ മെയ്‌തേയ് വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മിസോറാമിലെ മെയ്‌തേയ്- കുക്കി വംശജരെ കൂടാതെ മണിപ്പൂരിലെ അക്രമത്തെ തുടർന്ന് സംസ്ഥാനം വിട്ട 10,000ത്തോളം കുക്കി വിഭാഗത്തിലെ ജനങ്ങളും മിസോറാമിൽ അഭയം പ്രാപിച്ചിട്ടുണ്ട്.

മണിപ്പൂരിലെ മെയ്‌തേയ് സമുദായത്തിൽ നിന്നുള്ള ബി.ജെ.പി നിയമസഭാംഗങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തലസ്ഥാനത്ത് എത്തിയ സാഹചര്യത്തിലാണ് മിസോറാമിലെ മെയ്തികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ആവശ്യം ഉണ്ടായത്. മണിപ്പൂർ മുഖ്യമന്ത്രിയും ഈ ആഴ്ച ഡൽഹിയിലെത്തുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രിയുടെ മൗനത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ

മണിപ്പൂരിൽ നീണ്ടുനിൽക്കുന്ന കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്യുകയാണ് സംസ്ഥാനത്തെ ജനങ്ങൾ. ഞായറാഴ്ച നടന്ന നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനോട് അനുബന്ധിച്ചായിരുന്നു പ്രതിഷേധം. സംഘർഷത്തിനിടെ പ്രതിഷേധക്കാർ റേഡിയോ ട്രാൻസിസ്റ്ററുകൾ തകർത്തു. അക്രമസംഭവങ്ങളുടെ സാഹചര്യത്തിൽ മണിപ്പൂർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായി മിസോറാം മുഖ്യമന്ത്രി സോറംതങ്ക പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും സമാധാനം നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മിസോറാമിലെ മെയ്‌തെയ് വിഭാഗത്തിന് സംരക്ഷണം ഉറപ്പാക്കുമെന്നും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളെയും വിവിധ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്കി.

ജൂൺ 16-ന് ഇംഫാലിൽ ഉടനീളം ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇംഫാലിലെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ എ. ശാരദാ ദേവിയുടെ വീട് തകർക്കാനുള്ള ശ്രമവും ഉണ്ടായി. അക്രമാസക്തരായി വന്ന ജനങ്ങൾ വീടിനു നേരെ തീയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. കലാപകാരികളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. 21 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കാവലിനായി വിന്യസിപ്പിച്ചിരുന്നത്. എല്ലാ ഭാഗത്തുനിന്നും അക്രമികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു എന്ന് എസ്‌കോർട്ട് കമാൻഡർ ആയിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
പിന്നീട് നഗരത്തിലെ പാലസ് കോമ്പൗണ്ട് ഏരിയയിൽ തീയിടാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു.

അശാന്തിക്കു പിന്നിൽ

മെയ്തേയ്, കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ രൂക്ഷമായത്. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം ഉടലെടുത്തത്. മെയ്തേയികൾ പ്രധാനമായും ഹിന്ദുക്കളും കുക്കികൾ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂർ നിയമസഭയിലെ 60 സീറ്റുകളിൽ 40 എണ്ണവും മെയ്തേയ് ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്ന് മെയ്തേയ് സമുദായം ആവശ്യപ്പെട്ടു. എന്നാൽ കുക്കിലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരിൽ നടത്തുന്ന സംഘർഷങ്ങൾ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്. മണിപ്പൂരിൽ ഒരുമാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഏകദേശം നൂറിലേറെപേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ 272 ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 37,450 പേരാണ് ഇപ്പോൾ കഴിയുന്നത്.


#Daily
Leave a comment