PHOTO: PTI
സംഘര്‍ഷത്തില്‍ പുകഞ്ഞ് മണിപ്പൂര്‍: മൂന്നുപേര്‍ കൊല്ലപ്പെട്ടു; ആയുധങ്ങള്‍ കവര്‍ന്ന് മെയ്തികള്‍
മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ വീണ്ടും സംഘര്‍ഷം. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം കുക്കി വിഭാഗക്കാരുടെ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയതായി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കുക്കി സമുദായത്തിലെ നിരവധി എംഎല്‍എ മാര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ പ്രത്യേക ഭരണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരായ മെയ്തി സ്ത്രീകള്‍ നിരോധിത മേഖലയില്‍ എത്തിയതാണ് നിലവിലെ സംഘര്‍ഷത്തിനു കാരണം.
അയവില്ലാത്ത ഏറ്റുമുട്ടല്‍
മെയ്തി മേഖലയില്‍ ബഫര്‍ സോണ്‍ മറികടന്ന് കുക്കി വിഭാഗം വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്ത മേഖലയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് കേന്ദ്ര സേനയുടെ ബഫര്‍ സോണ്‍ നിര്‍മിച്ചിരുന്നത്. ഇംഫാലില്‍ കഴിഞ്ഞദിവസം ഉണ്ടായ വെടിവെയ്പ്പില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ബിഷ്ണുപൂര്‍-ചൂരാചന്ദ്പൂര്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ ശവസംസ്‌കാരം ഹൈക്കോടതി തടഞ്ഞതിനു പിന്നാലെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.
പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഫൗഗാക്ചാവോ ഇഖായ് പ്രദേശത്ത് 600 ഓളം പേര്‍ക്കെതിരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. 25 ലേറെ പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇംഫാല്‍ താഴ്‌വരയില്‍ കര്‍ഫ്യൂവിന് ഇളവുനല്‍കിയതിനു പിന്നാലെ കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ സംഘടന പ്രകടനം നടത്തി.
അതേസമയം, കഴിഞ്ഞദിവസം കുക്കി വനിതകള്‍ അര്‍ധസൈനിക വിഭാഗത്തിലെ ജവാന്റെ കാല്പിടിച്ച് രക്ഷിക്കണമെന്നപേക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. കാങ്‌പോക്പി ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. അസം റൈഫിള്‍സ് പിന്‍മാറിയാല്‍ മെയ്തികളുടെ ആക്രമണം ശക്തമാകുമെന്നും ഇത് തങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞാണ് കുക്കി സ്ത്രീകള്‍ ജവാന്റെ കാല്പിടിച്ച് കരയുന്നത്.
നിയമസഭ ചേര്‍ന്നേക്കും
കലാപം വീണ്ടും രൂക്ഷമായിരിക്കെ നിയമസഭാ സമ്മേളനം വിളിക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഗസ്റ്റ് 21 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് ശുപാര്‍ശ. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കലാപം തുടങ്ങി മൂന്നുമാസം പിന്നിട്ടശേഷം ഇതാദ്യമായാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. നേരത്തെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭ അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞമാസം കോണ്‍ഗ്രസിലെ അഞ്ച് എംഎല്‍എ മാര്‍ ഗവര്‍ണര്‍ക്ക് ഇക്കാര്യം ഉന്നയിച്ച് കത്തയയ്ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ പ്രശ്‌നപരിഹാരത്തിനായി ശ്രമങ്ങള്‍ നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ആയുധങ്ങള്‍ കൊള്ളയടിച്ച് മെയ്തികള്‍
സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ക്യാപില്‍ നിന്ന് മെയ്തികള്‍ ആയുധങ്ങള്‍ കൊള്ളയടിച്ചു. മുന്നൂറിലധികം തോക്കുകളും 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ 124 ഹാന്‍ഡ് ഗ്രനേഡുകളും ബോംബുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വന്‍തോതിലുള്ള ആയുധങ്ങള്‍ മെയ്തി വിഭാഗത്തിന്റെ കൈവശം ഉണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധപ്പുര കവര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത്. കുക്കി-മെയ്തി വിഭാഗങ്ങള്‍ ബങ്കറുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് മെയ്തി വിഭാഗം ആയുധപ്പുരയിലെ ആയുധങ്ങളും സംഭരിച്ചിരിക്കുന്നത്.