PHOTO: PTI
സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്തികള്‍; ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം
മണിപ്പൂരില്‍ മൂന്നുമാസമായി തുടരുന്ന കലാപത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെയ്തികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 29 ന് പാസാക്കിയ പ്രമേയങ്ങളും പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങള്‍. കൂടാതെ അടിയന്തരമായി സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കലാപമൊഴിയാതെ
കലാപം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും മണിപ്പൂരില്‍ തിങ്കളാഴ്ച വെടിവയ്പ്പ് നടന്നത് അഞ്ചിടങ്ങളിലാണ്. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്പത് ആയുധങ്ങള്‍ പിടികൂടി. അതിനിടെ, അസമിലും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രം
മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'മണിപ്പൂര്‍ വിഷയത്തില്‍ ഞാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല. നിങ്ങള്‍ പ്രതിപക്ഷത്തിനാണ് എന്തെങ്കിലും മറച്ചുവയ്ക്കാനുള്ളത്. അതുകൊണ്ടാണ് നിങ്ങള്‍ ചര്‍ച്ച നടത്താന്‍ അനുവദിക്കാത്തത്. ഓഗസ്റ്റ് 11 ന് ചര്‍ച്ച നടത്താന്‍ ഖാര്‍ഗെ സമ്മതിക്കുകയാണെങ്കില്‍ ഞാനും അതിന് തയ്യാറാണ്' അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, അമിത് ഷാ മണിപ്പൂരിലെ ഗോത്ര നേതാക്കളുമായി ഡല്‍ഹിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കുക്കി സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നാലാംഗ സംഘമാണ് അമിത് ഷായുമായി ചര്‍ച്ച നടത്തുക. കുക്കി സംഘടന മുന്നോട്ടുവച്ച അഞ്ച് നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും.
അന്വേഷണത്തിന് മൂന്നംഗ സമിതി
മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ച് സുപ്രീംകോടതി. മൂന്ന് വനിതാ മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ ഈ സമിതി സിബിഐയും, പോലീസും അന്വേഷിക്കുന്നത് ഒഴികെയുള്ള കേസുകള്‍ പരിശോധിക്കും. അക്രമ സംഭവങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം സംസ്ഥാനത്ത് മനുഷ്യാവകാശം ഒരുക്കാനും ഇവര്‍ക്ക് നിര്‍ദേശമുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സമിതി പരിശോധിക്കും.
ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഗീതാ മിത്തല്‍, മലയാളിയായ ജസ്റ്റിസ് ആഷാ മേനോന്‍, ജസ്റ്റിസ് ശാലിനി പന്‍സകര്‍ ജോഷി എന്നിവരടങ്ങുന്ന ജുഡീഷ്യല്‍ അന്വേഷണ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്.
അശാന്തിക്കു പിന്നില്‍
മെയ്തി, കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമങ്ങള്‍ രൂക്ഷമായത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ കലാപം ഉടലെടുത്തത്. മെയ്തികള്‍ പ്രധാനമായും ഹിന്ദുക്കളും കുക്കികള്‍ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂര്‍ നിയമസഭയിലെ 60 സീറ്റുകളില്‍ 40 എണ്ണവും മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കണമെന്ന് മെയ്തി സമുദായം ആവശ്യപ്പെട്ടു. എന്നാല്‍ കുക്കിലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരില്‍ നടത്തുന്ന സംഘര്‍ഷങ്ങള്‍ സമാധാനാന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്.