എംപി ഗൗരവ് ഗൊഗോയ് | PHOTO: PTI
മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി മൗനം തുടരുന്നതെന്തുകൊണ്ട്; അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമായി
സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരിന് നീതി വേണമെന്നും മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി മൗനം തുടരുന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്. മൂന്ന് ചോദ്യങ്ങളാണ് ഉന്നയിക്കാനുള്ളത്: എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത്. സംഘര്‍ഷം തുടരുന്ന മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എന്തുകൊണ്ടാണ് 80 ദിവസമെടുത്തത്, സംസാരിച്ചതാവട്ടെ വെറും 30 സെക്കന്‍ഡും. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തതെന്താണെന്നും ഗൗരവ് ഗൊഗോയ് ചോദിച്ചു.
മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രാലയവും ദേശസുരക്ഷാ ഉപദേഷ്ടാവും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പിന്നോട്ടുപോയതായും ഗൊഗോയ് കുറ്റപ്പെടുത്തു. തന്റെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരും മണിപ്പൂരിലെ തന്റെ സര്‍ക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടിവരുമെന്നും ഗൊഗോയ് പറഞ്ഞു. കൂടാതെ സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ട സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.
മണിപ്പൂര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച ആരംഭിച്ചു. തര്‍ക്കങ്ങളോടെ ആണ് ചര്‍ച്ച ആരംഭിച്ചത്. രാഹുല്‍ ഗാന്ധി ആദ്യം സംസാരിക്കുന്നത് സംബന്ധിച്ച വിഷയത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത്.
ചര്‍ച്ച രണ്ടു ദിവസങ്ങളിലായി
രണ്ടു ദിവസമായി 12 മണിക്കൂര്‍ ചര്‍ച്ചയാണ് അനുവദിച്ചിട്ടുള്ളത്. പ്രമേയത്തിന്മേല്‍ സംസാരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഒരു മണിക്കൂര്‍ 15 മിനിട്ടും ഭരണകക്ഷിയായ ബിജെപിക്ക് ആറു മണിക്കൂര്‍ 41 മിനിട്ടുമാണ് അനുവദിച്ചിരിക്കുന്നത്. വൈഎസ്ആര്‍സിപി, ശിവസേന, ജെഡിയു, ബിജെഡി, ബിഎസ്പി, ബിആര്‍എസ്, എല്‍ജെപി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മൊത്തം രണ്ടു മണിക്കൂറുമാണ് നല്‍കിയിരിക്കുന്നത്. അതാത് പാര്‍ട്ടികളുടെ എംപിമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഈ സമയം വിഭജിച്ച് നല്‍കും. മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര എംപിമാര്‍ക്കുമായി ഒരു മണിക്കൂര്‍ 10 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച മറുപടി നല്‍കും.
ബിജെപിയില്‍ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 15 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. മന്ത്രിമാരായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നിവരാണ് സംസാരിക്കുക. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കു പുറമെ ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരുമാണ്.
പ്രധാനമന്ത്രി പ്രതികരിക്കണം
ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാകില്ലെങ്കിലും മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് പാര്‍ലമെന്റില്‍ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തെ കാണുന്നത്. ജൂലൈ 20 ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതു മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച വേണമെന്ന ഉറച്ചനിലപാടിലായിരുന്നു പ്രതിപക്ഷം. ഇതോടെ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ തുറന്നടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസരം ലഭിച്ചു. മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കിയത് ലോക്സഭാ സ്പീക്കറാണ്. വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയും ബിആര്‍എസ് എംപി നാമ നാഗേശ്വര റാവുവുമാണ് നോട്ടീസ് നല്‍കിയത്.