TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

മണിപ്പൂർ സംഘർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

26 Jun 2023   |   2 min Read
TMJ News Desk

ണിപ്പൂരിലെ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോൺഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അതിക്രമങ്ങൾ നിയന്ത്രിക്കാൻ ബീരേൻ സിങ് പ്രാപ്തനല്ലെന്ന് തെളിയിച്ചിട്ടുണ്ടെന്നും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനം തിരികെ കൊണ്ടുവരാൻ ശ്രമിക്കുക ആണെന്നും എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും സംരക്ഷണം നൽകുമെന്നും ബീരേൻ സിങ് പറഞ്ഞു. എന്നാൽ ഏത് സമുദായത്തിൽപ്പെട്ടവരായാലും അക്രമം അടിച്ചമർത്താൻ മണിപ്പൂർ മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആയുധം പിടിച്ചെടുക്കാൻ സൈനിക നീക്കം

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അക്രമികളുടെ നിരായുധീകരണത്തിനായി സൈന്യം നീക്കങ്ങൾ ആരംഭിച്ചു. അക്രമകാരികളുടെ 12 ബങ്കറുകൾ തകർത്തതായി സുരക്ഷാസേന അറിയിച്ചു. ദേശീയപാതകൾക്ക് സമീപം സ്ഥാപിച്ച ബങ്കറുകളാണ് സൈന്യം തകർത്തത്. ഷുംപായിയിലെ ബങ്കറിൽ നിന്ന് മൂന്ന് 51 എംഎം മോർട്ടാർ ഷെല്ലുകളും മൂന്ന് 84 എംഎം ഷെല്ലുകളും പിടിച്ചെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് 135 പേരെ അറസ്റ്റ് ചെയ്തു. അക്രമകാരികളിൽ നിന്ന് ആകെ 1100 തോക്കുകളും 250 ബോംബുകളും, 13000 ത്തിലേറെ സ്‌ഫോടക വസ്തുക്കളും പിടികൂടി.
മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയിരിക്കുകയാണ്. ഈ മാസം 30 വരെയാണ് നീട്ടിയത്. സംസ്ഥാനത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

മണിപ്പൂരിൽ മെയ് മാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ച കലാപം ഇനിയും അവസാനിച്ചിട്ടില്ല. നൂറിലധികം പേർ കൊല്ലപ്പെടുകയും അക്രമത്തിൽ വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. മണിപ്പൂരിലെ കലാപ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിയാണ് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടത്. ബിരേൻ സിംഗ് രാജി വെച്ചാൽ മാത്രമേ ഫലപ്രദമായ ചർച്ചകൾ നടക്കുവെന്നും സംഘർഷം ഒഴിവാക്കാൻ ഇത് കൂടിയേ തീരുവെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ സംസാരിക്കണമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് ആവശ്യപ്പെട്ടു. ഇബോബി സിംഗ് 10 വർഷമെടുത്താണ് ക്രമസമാധാനം പുനഃസ്ഥാപിച്ചതെന്നും ഇന്ത്യയിലെ നാനാത്വത്തിൽ ഏകത്വമെന്നതിന് മണിപ്പൂർ മാതൃകയായിരുന്നെന്നും ജയറാം രമേശ് പരാമർശിച്ചു.  മണിപ്പൂർ ജനതയുടെ ആവശ്യങ്ങൾ മോദി സർക്കാർ തിരസ്‌കരിക്കുകയാണെന്നും അവർ മണിപ്പൂരിനെ മറ്റൊരു കാശ്മീരാക്കാൻ ശ്രമിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രെയിൻ പ്രതികരിച്ചു.

മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്. ഈ നിർണായക സമയത്ത് പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. വിഷയത്തിൽ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. ബീരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് ഉള്ളിടത്തോളം സംസ്ഥാനത്ത് സമാധാനം ഉണ്ടാകില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ വിമർശിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സർക്കാറിന്റെ പരാജയം പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ തുറന്നുകാട്ടി. മണിപ്പൂരിൽ നിന്നുള്ള പത്ത് പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു.


#Daily
Leave a comment