PHOTO: PTI
മണിപ്പൂര്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവയ്പ്പ്, രണ്ട് പേര്‍ മരിച്ചു
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു. ചുരാചന്ദ്പൂരിലെ ജില്ലാ സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫീസ് സമുച്ചയത്തിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതാണ് വെടിവയ്പ്പിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ നടന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കലക്ടറുടെ വസതിക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടതായാണ് വിവരം. സംഭവത്തില്‍ പൊലീസ് വ്യക്തമായി പ്രതികരിച്ചിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
പ്രതിഷേധ കാരണം
കുക്കി ഗോത്ര വിഭാഗത്തില്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് 400 പേര്‍ അടങ്ങുന്ന ആള്‍ക്കൂട്ടം പൊലീസ് സൂപ്രണ്ടിന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ആള്‍ക്കൂട്ടം വസതിക്കു നേരെ കല്ലെറിഞ്ഞതായാണ് അധികൃതര്‍ പറയുന്നത്. പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ ചൂണ്ടികാണിച്ചാണ് പൊലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തത്. സമാനമായ രീതിയില്‍ മെയ്‌തെയ് വിഭാഗക്കാരായ പൊലീസുകാരുടെ വീഡിയോ പ്രചരിച്ചിട്ടും ഇത്തരത്തില്‍ നടപടി എടുത്തില്ലെന്നാണ് ചുരാചന്ദ്പൂരിലെ ഗോത്രവിഭാഗക്കാരുടെ സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം പറയുന്നത്.