PHOTO: PTI
മണിപ്പൂര്‍ കലാപം; വെടിവെയ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു
കലാപം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോഴും സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍. ഇംഫാലില്‍ ഉണ്ടായ വെടിവെയ്പ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂര്‍-ചൂരാചന്ദ്പൂര്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ ശവസംസ്‌കാരം ഹൈക്കോടതി തടഞ്ഞതിനു പിന്നാലെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്.
പലയിടങ്ങളിലും ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഫൗഗാക്ചാവോ ഇഖായ് പ്രദേശത്ത് 600 ഓളം പേര്‍ക്കെതിരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. 25 ലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇംഫാല്‍ താഴവരയില്‍ കര്‍ഫ്യൂവിന് ഇളവുനല്‍കിയതിനു പിന്നാലെ കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളുടെ സംഘടന പ്രകടനം നടത്തി. കാങ്‌പോക്പിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മണിപ്പൂര്‍: 35 പേരുടെ സംസ്‌കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച മണിപ്പൂര്‍ ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച രാവിലെ ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടില്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകളാണ് കോടതി തടഞ്ഞത്. തല്‍സ്ഥിതി തുടരാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്‍ നിര്‍ദേശിച്ചു.
സംസ്‌കാരവുമായി ബന്ധപ്പെട്ട് കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ബിഷ്ണുപൂര്‍-ചുരാചന്ദ്പുര്‍ അതിര്‍ത്തി ഗ്രാമമായ ബൊല്‍ജാങിനായി മെയ്തി വിഭാഗം അവകാശവാദം ഉന്നയിച്ചതോടെയാണ് വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തത്.
തങ്ങള്‍ക്ക് ആധിപത്യമുള്ള ബിഷ്ണുപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയായ ടോര്‍ബംഗ് ബംഗ്ലാവിലാണ് കുക്കികള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ഒരുങ്ങിയത്. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു മെയ്തി വിഭാഗത്തെ അനുകൂലിക്കുന്ന കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി മുന്നറിയിപ്പ് നല്‍കിയത്.
മൂന്നുമാസമായി തുടരുന്ന വംശീയ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിലെ മൂന്ന് സ്ത്രീകളുടേതുള്‍പ്പെടെ 35 മൃതദേഹങ്ങളും ചുരാചന്ദ്പുര്‍ ജില്ലാ ആശുപത്രിയിലാണുള്ളത്. ഒമ്പത് കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകള്‍ മാത്രമുള്ള ഇവിടെ പരാമ്പരാഗതരീതിയില്‍ മത്തങ്ങകളും ഐസ് സ്ലാബുകളും ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
മൃതദേഹത്തോടും തീരാപ്പക
മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള സ്ഥലത്ത് പുതുതായി ഉണ്ടാക്കിയ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കം ചെയ്യുന്നത് ഗ്രാമങ്ങള്‍ തമ്മിലുള്ള ശത്രുതയുടെ ആക്കംകൂട്ടുമെന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. സ്ഥിതിഗതികള്‍ വഷളാകുന്നതിനു മുമ്പേ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു മെയ്തി വിഭാഗം ആവശ്യപ്പെട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിഷ്ണുപൂര്‍-ചുരാചന്ദ്പുര്‍ ജില്ലാ അതിര്‍ത്തിയിലേക്ക് കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്‌കാര നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അനന്തരഫലങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്നായിരുന്നു കുക്കി സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) പറഞ്ഞത്.
കണക്കുകള്‍ക്ക് വ്യക്തത വേണം
മൂന്നു മാസമായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 150 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 118 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയില്‍ തന്നെയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഗോണ്‍സാല്‍വസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ഇത്രയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. എത്ര മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്ര മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ ഉണ്ടെന്നും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഓഗസ്റ്റ് 7 ന് അറിയിക്കണമെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.