TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

സംഘര്‍ഷം കെട്ടടങ്ങാതെ മണിപ്പൂര്‍; കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കെട്ടിക്കിടക്കുന്നു

25 Jul 2023   |   3 min Read
TMJ News Desk

ണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട നൂറിലധികം ആളുകളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാതെ സംസ്ഥാനത്തെ പല ആശുപത്രി മോര്‍ച്ചറികളിലുമായി കെട്ടികിടക്കുകയാണ്. മൂന്നുമാസത്തിലധികമായി തുടരുന്നതാണ് ഈ അവസ്ഥ. ബന്ധുക്കള്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളും ഉണ്ട്. ഇംഫാല്‍ താഴ്‌വരയിലുള്ള മെയ്തി വിഭാഗത്തില്‍പ്പെട്ട ചിലരുടെ മൃതദേഹങ്ങള്‍ മാത്രമാണ് സംസ്‌കരിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 160 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഒൗദ്യോഗിക കണക്കുകള്‍. എന്നാല്‍ ഇതിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നുണ്ടെന്നും സംഘടനകള്‍ പറയുന്നു. 

കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞു

മണിപ്പൂരില്‍ രണ്ട് വനിതകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഘത്തിലെ 14 പ്രതികളെ കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മണിപ്പൂര്‍ കലാപം ആഗോളശ്രദ്ധ പിടിച്ചുപറ്റി. സംഭവത്തില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഭവം ക്രൂരവും ഭയാനകവും എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചത്.

കത്തുന്ന മണിപ്പൂര്‍, സ്തംഭിച്ച് പാര്‍ലമെന്റ് 

മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും മൂന്നാം ദിവസവും സ്തംഭിച്ചു. പ്രതിപക്ഷം വിഷയത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അനുനയന ശ്രമവും വിലപ്പോയില്ല. പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിന് ശേഷം മാത്രമേ ചര്‍ച്ച നടക്കു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധത്തിനു പിന്നാലെ എഎപി എംപി സഞ്ജയ് സിംഗിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തു. രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവുമായി സഭയിലേക്ക് എത്തി. പ്രധാനമന്ത്രി മൗനംവെടിയണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ടുതവണ നിര്‍ത്തിവച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് എംപി സഞ്ജയ് സിങിനെ സസ്പെന്‍ഡ് ചെയ്തത്. രാജ്യസഭാ അധ്യക്ഷന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനാണ് നടപടി.

പലായനം തുടര്‍ന്ന് മെയ്തികള്‍

മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുറഞ്ഞത് 125 പേര്‍ കൊല്ലപ്പെടുകയും 40,000 ത്തിലധികം പേര്‍ വീടുവിട്ട് പലായനം ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് മിസോറാമില്‍ നിന്നുള്ള മെയ്തി വിഭാഗക്കാരുടെ പലായനം തുടരുകയാണ്. ഞാറാഴ്ച മാത്രം 68 പേര്‍ മിസോറാമില്‍ നിന്ന് ഇംഫാലിലെത്തിയതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മിസോറാമില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മെയ് മൂന്നിന് കലാപം ഉണ്ടായതിനു പിന്നാലെ ആയിരക്കണക്കിന് മെയ്തി, കുക്കി, ഹമര്‍ വിഭാഗക്കാര്‍ അസമിലേക്കും പലായനം ചെയ്തതായാണ് വിവരം. 

കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയതിനു പിന്നാലെ മിസോറാമിലെ യുവാക്കള്‍ രോഷാകുലരാണെന്നും സംസ്ഥാനം വിടണമെന്നും മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ മിസോറാമില്‍ നിന്നും പലായനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുനല്‍കിയത്. 

സര്‍ക്കാര്‍ പരാജയം 

മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരാജയമാണെന്ന ആക്ഷേപം ശക്തമായിരിക്കെ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ളില്‍ അതൃപ്തി ശക്തമാണ്. മുഖ്യമന്ത്രിക്ക് എതിരെ ബിജെപി എംഎല്‍എ തന്നെ പരസ്യമായി രംഗത്തെത്തി. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് അക്രമികള്‍ അഴിഞ്ഞാടിയത് എന്ന് ബിജെപി എംഎല്‍എ ഫയോക്കിപ് ആരോപിച്ചു. മുഖ്യമന്ത്രി ബിരേന്‍ സിങ് അക്രമികളുമായി ഒത്തുകളിച്ചെന്ന ആക്ഷേപവും ഉണ്ട്. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവര്‍ഗ എംഎല്‍എ മാര്‍ നിലപാടെടുത്തു. 

കൂടുതല്‍ സ്ത്രീകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് 

മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കിടെ കൂടുതല്‍ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തോബാലില്‍ 45 കാരിയെ നഗ്‌നയാക്കി ലൈംഗികമായി പീഡിപ്പിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തി. മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിനു പിന്നാലെ മറ്റു രണ്ടു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നു. കുക്കികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സാധ്യമായ മാറ്റങ്ങളെച്ചൊല്ലി ഗോത്രവര്‍ഗ കുക്കി ജനങ്ങളും ഭൂരിപക്ഷ വംശീയരായ മെയ്തികളും തമ്മിലുള്ള തീവ്രമായ വംശീയ ഏറ്റുമുട്ടലിനിടെ മെയ് മാസത്തില്‍ 21 ഉം 19 ഉം വയസ്സുള്ള യുവതികളാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവുള്‍പ്പെടെ അസ്റ്റിലായവരുടെ എണ്ണം ആറായി. 14 പ്രതികളെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇംഫാലില്‍ കാര്‍ വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന കുക്കി വിഭാഗത്തില്‍പ്പെട്ട 21 ഉം 24 ഉം വയസുള്ള യുവതികളാണ് മരിച്ചത്. യുവതികളെ നഗ്നരാക്കി നടത്തിയ മെയ് നാലിനു തന്നെയാണ് ഈ സംഭവവും നടന്നതെന്നാണ് റിപ്പോര്‍ട്ട്. പിറ്റേന്ന് ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരിച്ചത്. കാങ്‌പൊക്പി ജില്ലയില്‍ ഉള്ളവരായിരുന്നു അക്രമത്തിന് ഇരയായത്. യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സംഭവവും നടന്നിരിക്കുന്നതെന്നാണ് വിവരം. മണിപ്പൂരിലെ കാങ്പൊക്പി ജില്ലയിലെ ഗ്രാമത്തില്‍ മെയ് നാലിന് ആയിരത്തോളം വരുന്ന സായുധ ജനക്കൂട്ടം വീടുകള്‍ ആക്രമിക്കുകയും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 

പിന്നില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം

കാര്‍ വാഷ് സെന്ററില്‍ നിന്നും യുവതികളെ വലിച്ചിറക്കിയാണ് കലാപകാരികള്‍ ആക്രമിച്ചത്. യുവതികളെ ബലാത്സംഗം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത് കലാപകാരികളുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് 16 ന് 21 കാരിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഏകദേശം ഒരു മാസത്തിനുശേഷം ജൂണ്‍ 13 നാണ് സംഭവം നടന്ന ഇംഫാല്‍ ഈസ്റ്റിലെ പോരമ്പത്ത് പോലീസിന് കേസ് കൈമാറിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും മരണത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഒരേ ഗ്രാമത്തില്‍ നിന്നുമുള്ള രണ്ടു യുവതികളും നഗരത്തില്‍ തന്നെയായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. അക്രമം നടന്ന ദിവസം മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് മണിപ്പൂരി സംസാരിച്ച ഒരു സ്ത്രീയാണെന്ന് അമ്മ ആരോപിക്കുന്നു. ക്രൂര അതിക്രമത്തിന് ഇരയായ യുവതികളെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി യുവതികളുടെ സുഹൃത്ത് വെളിപ്പെടുത്തി. പിറ്റേദിവസം ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ മരിച്ചതായാണ് വിവരം ലഭിച്ചതെന്നും സുഹൃത്ത് പറഞ്ഞു. 

മെയ് മാസം അവസാനമാണ് രണ്ട് ഫോട്ടോകള്‍ പോലീസ് കുടുംബത്തിന് അയച്ചത്. പിന്നീട് പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. മെയ് നാലിന് രണ്ടു യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനില്‍ പരാമര്‍ശിച്ച സംഭവങ്ങളില്‍ ഈ കേസും ഉള്‍പ്പെടുന്നു.


#Daily
Leave a comment