TMJ
searchnav-menu
post-thumbnail

TMJ Daily

മണിപ്പൂർ സംഘർഷം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തം 

19 Nov 2024   |   1 min Read
TMJ News Desk

ണിപ്പൂർ കലാപം ആളിക്കത്തിയതോടെ സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൺ സിംഗിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തം. ജിരിബാമിൽ ഭരണകക്ഷിയായ ബിജെപിയുടെ ജില്ലാ ഭാരവാഹികൾ കൂട്ടരാജി നൽകി. രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കും മണിപ്പൂരിൽ ആരംഭം കുറിച്ചു. മുഖ്യമന്ത്രി ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ ഇരുപതിൽ താഴെ പേർ മാത്രമാണ് പങ്കെടുത്തത്.

ഇന്നലെ കലാപത്തിനിടയിലുണ്ടായ വെടിവയ്പ്പിൽ ഒരു യുവാവ് കൊല്ലപ്പെട്ടു. ഇംഫാൽ താഴ്വരയിലും സൈനിക നടപടികളിൽ ഒരാൾക്ക് പരിക്കേറ്റു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ തീരുമാനമായി ഏകദേശം 5000 പേരടങ്ങുന്ന അമ്പത് കമ്പനി കേന്ദ്രസേനയെ സംഘർഷ സ്ഥലത്തേക്ക് അയച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഇന്ന് മണിപ്പൂരിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തും.

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൺസിംഗിനെ മാറ്റണമെന്ന് എൻപിപി നേതാവ് കോൺറാഡ് സാങ്മ ആവശ്യപ്പെട്ടു. എൻഡിഎ സഖ്യത്തിൽ നിന്നുള്ള എൻപിപി പിന്തുണ പിൻവലിച്ചതിന് പിന്നാലെയായിരുന്നു കോൺറാഡ് സാങ്മ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ബിരേൺ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പുനഃസ്ഥാപിക്കാമെന്ന് കോൺറാഡ് സാങ്മ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാനായി കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെന്നും സാങ്മ ആരോപിച്ചു. കേന്ദ്രസർക്കാർ സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രാദേശിക നേതാക്കളും രംഗത്തെത്തിയിരുന്നു.

മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ശക്തമായ ഇടപെടൽ നടത്തമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സമാധാനം ഉടൻ പുനഃസ്ഥാപിക്കണമെന്നും ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരം കാണണമെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.



#Daily
Leave a comment