TMJ
searchnav-menu
post-thumbnail

TMJ Daily

മണിപ്പൂരില്‍ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

09 Sep 2023   |   1 min Read
TMJ News Desk

ണിപ്പൂരിലെ തെങ്‌നൗപാല്‍ ജില്ലയിലെ പല്ലേലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സുരക്ഷാസേനയും സായുധസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50ലേറെ പേര്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണ്. വെള്ളിയാഴ്ച തെങ്‌നൗപാല്‍ ജില്ലയിലെ പല്ലേലില്‍ സ്ത്രീകള്‍ റോഡുപരോധിച്ചതോടെയാണ് വെടിവയ്പ്പാരംഭിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 

മണിപ്പൂരില്‍ വെടിവയ്പ്പ്; ജനങ്ങള്‍ റോഡുപരോധിച്ചു

മണിപ്പൂരിലെ തെങ്നൗപാല്‍ ജില്ലയിലെ പല്ലേലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പുണ്ടായത്. രാവിലെ ആറുമണിയോടെ സായുധസംഘം സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് ആളുകള്‍ തടിച്ചു കൂടുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 50-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി പ്രദേശത്ത് കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്.

വീടുകളിലേക്ക് മടങ്ങാന്‍ ശ്രമം

സൈനിക ബാരിക്കേഡുകള്‍ മറികടന്ന് വീടുകളിലേക്ക് മടങ്ങാനുള്ള ജനങ്ങളുടെ ശ്രമം സൈന്യം തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗാക്ചോ ഇഖായില്‍ സംഘര്‍ഷം ഉണ്ടായി. കലാപത്തില്‍ വീടുനഷ്ടപ്പെട്ട ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജനങ്ങള്‍ക്കെതിരെ അസം റൈഫിള്‍സും മണിപ്പൂര്‍ പൊലീസും കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. കോഡിനേറ്റിങ് കമ്മറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി സര്‍ക്കാരിനോട് ബാരിക്കേഡുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാത്തതോടെ ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ ജനങ്ങളോട് ഇവര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. കര്‍ഫ്യൂ അവഗണിച്ചാണ് ജനങ്ങള്‍ സംഘടിച്ചത്. സംസ്ഥാനത്ത് ആയുധം കൈവശം വയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ബുധനാഴ്ച സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ പിടിച്ചെടുത്ത ആയുധങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

സംഘര്‍ഷങ്ങള്‍ക്കവസാനമില്ലെ?

മണിപ്പൂരില്‍ മെയ്മാസം ആരംഭിച്ച കലാപം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. മണിപ്പൂര്‍ സര്‍ക്കാര്‍ ജൂലൈയില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം കലാപത്തില്‍ 142 പേര്‍ കൊല്ലപ്പെടുകയും 17 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 5,995 എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.





#Daily
Leave a comment