TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

മണിപ്പൂർ സംഘർഷം; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് ജനക്കൂട്ടം

16 Jun 2023   |   2 min Read
TMJ News Desk

ണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ കെ രഞ്ജൻ സിങിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. മന്ത്രിയുടെ ഇംഫാലിലെ വീട്ടിലേക്ക് അക്രമാസക്തരായി എത്തിയ ജനക്കൂട്ടം തീയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. കലാപകാരികളെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. 21 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കാവലിനായി വിന്യസിപ്പിച്ചിരുന്നത്. ജനക്കൂട്ടത്തെ തടയാൻ ഞങ്ങൾക്ക് സാധിച്ചില്ല, എല്ലാ ഭാഗത്തുനിന്നും അക്രമികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു എന്ന് എസ്‌കോർട്ട് കമാന്റർ ആയിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 

ഞാൻ ഇപ്പോൾ ഔദ്യോഗിക ജോലികളുമായി ബന്ധപ്പെട്ട് കേരളത്തിലാണ്, ഭാഗ്യവശാൽ ഇന്നലെ നടന്ന സംഭവത്തിൽ വീട്ടിലുള്ള ആർക്കും അപകടം സംഭവിച്ചില്ല. അക്രമികൾ പെട്രോൾ ബോംബുമായാണ് വന്നത്. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ആർ കെ രഞ്ജൻ പ്രതികരിച്ചു. ഇംഫാലിൽ കുക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും മണിപ്പൂരിലെ ഏക വനിതാ മന്ത്രിയുമായ നെംച കിപ്‌ഗെന്റെ ഔദ്യോഗിക വസതിക്കും അക്രമികൾ തീയിട്ടിരുന്നു. മെയ്‌തേയ് വിഭാഗത്തിലെ ആളുകളാണ് തീയിട്ടത് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസമാണ് കുക്കി വിഭാഗങ്ങളുമായി രഞ്ജൻ സിങ് ചർച്ച നടത്തിയത്. ശേഷം സംഘർഷത്തിന് കാരണക്കാരായവർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. പ്രശ്‌നത്തിൽ ഏതെങ്കിലും സമുദായത്തെയോ വംശീയ വിഭാഗത്തെയോ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ചില നേതാക്കൾ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സമുദായങ്ങൾക്കിടയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ്. ആളുകളുടെ വികാരവും ജീവിതവും വെച്ചാണ് അവർ കളിക്കുന്നത്. അവരുടെ തന്ത്രങ്ങൾ വലിയ നഷ്ടങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ഇത്തരം പ്രാദേശിക നേതാക്കളെ തിരിച്ചറിയണം എന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടത്.

ഇന്നലെ തലസ്ഥാനമായ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ആളുകൾക്ക് പരിക്കേറ്റതായും വീടുകൾ കത്തി നശിച്ചതായും പൊലീസ് അറിയിച്ചു. കർഫ്യു നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംഘർഷം. ബുധനാഴ്ച നടന്ന സംഘർഷത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.  

റോഡുകൾ തടയുന്നത് സേനയ്ക്ക് വെല്ലുവിളി

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കലാപകാരികൾ റോഡുകൾ തടയുന്നത് സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. റോഡുകൾ തടയുന്നത് കാരണം സംസ്ഥാനത്തെ പല ഭാഗങ്ങളിലേക്കും സുരക്ഷാ സേനയ്ക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. വനിതാ പ്രതിഷേധക്കാരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ഇന്നലെ തടഞ്ഞത് ആറ് റോഡുകളാണ്. ഇത് സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയാവുകയാണ് എന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. വനിതാ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിൽ സൈന്യത്തെ സഹായിക്കുന്നതിനായി കേന്ദ്ര സായുധ പൊലീസ് സേനയിൽ നിന്നും അർദ്ധ സൈനീക വിഭാഗത്തിൽ നിന്നുമുള്ള വനിതാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവുണ്ടെന്നും ഇത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇരുന്നൂറും മുന്നൂറും സ്ത്രീകൾ ഉൾപ്പെടുന്ന സംഘങ്ങളാണ് റോഡുകൾ തടയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് അവശ്യസാധനങ്ങൾ സംസ്ഥാനത്ത് ഉടനീളം എത്തിക്കുന്നതിലും തടസം സൃഷ്ടിക്കുന്നുണ്ട്. 

അശാന്തിക്കു പിന്നിൽ

മെയ്‌തേയ്, കുക്കി വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ രൂക്ഷമായത്. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന മെയ്‌തേയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ, മെയ് മൂന്നിന് മലയോര ജില്ലകളിൽ ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം ഉടലെടുത്തത്. മെയ്‌തേയികൾ പ്രധാനമായും ഹിന്ദുക്കളും കുക്കികൾ ക്രൈസ്തവരുമാണ്. അതുകൊണ്ടുതന്നെ ഇതൊരു വംശീയകലാപമായി മാറിയിട്ടുണ്ട്. മണിപ്പൂർ നിയമസഭയിലെ 60 സീറ്റുകളിൽ 40 എണ്ണവും മെയ്‌തേയ് ഭൂരിപക്ഷ മേഖലയായ ഇംഫാൽ താഴ്വരയിലാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കണമെന്ന് മെയ്‌തേയ് സമുദായം ആവശ്യപ്പെട്ടു. എന്നാൽ കുക്കിലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഇരു സമുദായങ്ങളും മണിപ്പൂരിൽ നടത്തുന്ന സംഘർഷങ്ങൾ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്. മണിപ്പൂരിൽ ഒരുമാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ ഏകദേശം നൂറിലേറെപേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ 272 ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 37,450 പേരാണ് ഇപ്പോൾ കഴിയുന്നത്.

#Daily
Leave a comment